പട്‌ന: ലാലു പ്രസാദ് യാദവിനെതിരെ ഭാരതീയ ജനതാ പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. ലാലു പ്രസാദ് യാദവ് തെരഞ്ഞെടുപ്പ് ചിഹ്നം അടയാളപ്പെടുത്തിയ ഷാളുമായി വോട്ടുചെയ്യാൻ പോയത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് ബിജെപി ആരോപിച്ചു. റാബ്‌റി ദേവിക്കും രോഹിണി ആചാര്യക്കുമൊപ്പം പട്‌ന വെറ്ററിനറി കോളജിലെ പോളിങ് ബൂത്തിലാണ് ലാലു പ്രസാദ് വോട്ട് രേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിലാണ് ലാലുവിനെതിരെ ബിജെപി പരാതി ഉന്നയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പില്‍ ആർജെഡിയുടെ ദേശീയ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് തന്‍റെ പാർട്ടിയായ ആർജെഡിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ റാന്തൽ വിളക്ക് പതിപ്പിച്ച ഷാള്‍ കഴുത്തില്‍ ചുറ്റി പ്രദർശിപ്പിച്ചാണ് പോളിങ് ബൂത്തിലെത്തിയത്.