ന്യൂഡൽഹി : ഒഡിഷ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള നടപടി ക്രമങ്ങള്‍ നീരിക്ഷിക്കുന്നതിനായി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങിനെയും ഭൂപേന്ദർ യാദവിനെയും ബിജെപിയുടെ പാർലമെൻ്ററി ബോർഡ് ഇന്നലെ (ജൂണ്‍ 9) നിയോഗിച്ചു. 24 വർഷത്തെ നവീൻ പട്‌നായിക്കിൻ്റെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ഒഡിഷ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.
ഒഡിഷ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ജൂൺ 12 ന് നടത്താനാണ് തീരുമാനം. പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. അതേസമയം, ബിജു ജനതാദൾ (ബിജെഡി) നേതാവും ഒഡിഷ മുന്‍ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ അടുത്ത അനുയായിയുമായ വി കെ പാണ്ഡ്യൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.