ന്യൂഡൽഹി: കർഷക സമരത്തെ കുറിച്ച് കങ്കണ റണാവത്ത് എംപി നടത്തിയ വിവാദ പരാമർശത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ബിജെപി. ഉന്നത നേതൃത്വം ശക്തമല്ലായിരുന്നുവെങ്കിൽ കർഷകരുടെ പ്രതിഷേധം രാജ്യത്തെ ബംഗ്ലാദേശാക്കി മാറ്റുമായിരുന്നുവെന്ന വിവാദ പ്രസ്‌താവനയിലാണ് ബിജെപി കങ്കണയെ തളളിപ്പറഞ്ഞത്.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, ഈയിടെ റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടക്കുന്നുവെന്ന് ആരോപിച്ചിരുന്നു. പ്രസ്‌തുത അഭിമുഖത്തിന്‍റെ ഭാഗം സമൂഹമാധ്യമമായ എക്‌സിൽ കങ്കണ പങ്കുവയ്‌ക്കുകയും ചെയ്‌തു.
കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ റണാവത്ത് നടത്തിയ ഈ പ്രസ്‌താവന പാർട്ടിയുടെ അഭിപ്രായമല്ലെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നതായും ബിജെപി പ്രസ്‌താവനയിലൂടെ അറിയിച്ചു. ബിജെപിയെ പ്രതിനിധീകരിച്ചുകൊണ്ട് പാർട്ടിയുടെ നയപരമായ വിഷയങ്ങളിൽ പ്രസ്‌താവന നടത്തുന്നതിനായി കങ്കണയ്‌ക്ക് അനുവാദമോ അധികാരമോ ഇല്ല. ഭാവിയിൽ ഇത്തരം പ്രസ്‌താവനകളുണ്ടാവരുതെന്ന് കങ്കണയ്‌ക്ക് നിർദേശം നൽകിയെന്നും ബിജെപി പ്രസ്‌താവനയില്‍ വ്യക്തമാക്കി.