2024 അവസാന ഘട്ടത്തിലാണ്. പുതുവര്‍ഷത്തിലേക്ക് ഇനി ദിവസങ്ങള്‍ മാത്രം. ഈ ഘട്ടത്തില്‍ പോയ കൊല്ലം രാജ്യത്തെ പിടിച്ച് കുലുക്കിയ ചില സംഭവവികാസങ്ങളിലേക്ക് ഒന്ന് എത്തിനോക്കാം.
നീറ്റ് വിവാദം
ഇന്നും മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്‌നം സ്വന്തം മക്കളെ ഡോക്‌ടര്‍മാര്‍ ആക്കുക എന്നതാണ്. വലിയ വലിയ വിദ്യാലയങ്ങളിലും പരിശീലന സ്ഥാപനങ്ങളിലുമായി വളരെ ചെറുപ്പം മുതല്‍ തന്നെ വന്‍ തുക ചെലവിട്ട് ഇതിനായി കുട്ടികളെ പരിശീലിപ്പിക്കുന്നു. മാറിയ കാലത്തിലും ഡോക്‌ടര്‍ എന്നുള്ളതിന് മുകളില്‍ ഒരു തൊഴിലും മാതാപിതാക്കളുടെയും കുട്ടികളുടെയും പരിഗണനയില്ലെന്നതാണ് വാസ്‌തവം.
25 ലക്ഷത്തോളം കുട്ടികള്‍ പ്രതിവര്‍ഷം പങ്കെടുക്കുന്ന പ്രവേശന പരീക്ഷ രാജ്യത്തെ ഏറ്റവും അഭിമാനകരമായ ഒന്നായാണ് പൊതുവെ വിലയിരുത്തുന്നത്. 26000 വരെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ ഡോക്‌ടറാകാനുള്ള അവസരം ഈ പരീക്ഷയിലൂടെ ഒരുക്കുന്നുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് മിടുമിടുക്കര്‍ ഈ പരീക്ഷയ്ക്ക് എത്തുന്നത്. രാജ്യത്തെ ഏറ്റവും മിടുക്കരായ 26000പേരില്‍ ഒരാളാകാന്‍ വര്‍ഷങ്ങളുടെ കഠിനാദ്ധ്വാനമാണ് ഇവര്‍ നടത്തുന്നത്. എന്നാല്‍ ഇവിടെയും ചില കള്ളനാണയങ്ങളുണ്ടെന്ന വെളിപ്പെടുത്തലാണ് ഇക്കൊല്ലത്തെ നീറ്റ് പ്രവേശന പരീക്ഷയോട് അനുബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ വ്യക്തമാക്കുന്നത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നുവെന്ന ആരോപണമാണ് പരീക്ഷയുമായി ബന്ധപ്പെട്ട് ആദ്യം ഉയര്‍ന്നത്. 2024 മെയ് അഞ്ചിന് നടന്ന പരീക്ഷയുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങള്‍. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന വാദം എന്‍ടിഎ തള്ളി. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം ചോദ്യ പേപ്പറുകള്‍ പ്രചരിച്ചിരുന്നു.
ബിഹാറിലെ പാറ്റ്നയില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പതിമൂന്ന് പേര്‍ അറസ്റ്റിലായി. ഇവരില്‍ നാല് പേര്‍ വിദ്യാര്‍ത്ഥികളായിരുന്നു എന്നതും രാജ്യം ഞെട്ടലോടെയാണ് കേട്ടത്. ചോദ്യപേപ്പര്‍ കിട്ടുന്നതിനായി മുപ്പത് ലക്ഷം മുതല്‍ അന്‍പത് ലക്ഷം രൂപ വരെ തങ്ങള്‍ നല്‍കി എന്ന വെളിപ്പെടുത്തലും ഇവരില്‍ നിന്നുണ്ടായി.
ഗുജറാത്തിലെ ഗോധ്രയില്‍ പരീക്ഷയുടെ ഡെപ്യൂട്ടി സൂപ്രണ്ടായി സേവനമനുഷ്‌ഠിച്ച ഒരു അധ്യാപകന്‍ കുട്ടികളോട് അറിയാത്ത ചോദ്യങ്ങള്‍ എഴുതേണ്ടെന്നും ശരിയുത്തരങ്ങള്‍ എഴുതിച്ചേര്‍ത്ത് കൊള്ളാമെന്ന് പറഞ്ഞതായും വെളിപ്പെടുത്തലുണ്ടായി. ഈ പരീക്ഷാ കേന്ദ്രത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പരീക്ഷ എഴുതിയിരുന്നു. ഇവിടെ നിന്ന് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(സിബിഐ)ക്ക് കേസ് കൈമാറി.
പരീക്ഷാ ഫലം വന്ന 2024 ജൂണ്‍ നാലിന് രാജ്യം വീണ്ടും ഞെട്ടി. പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയാണ് ഇക്കുറി ഞെട്ടിച്ചത്. ധാരാളം കുട്ടികള്‍ നേടിയ സ്‌കോറുകള്‍ ഗണിത ശാസ്‌ത്രത്തിന് പോലും നിരക്കാത്തതായിരുന്നു. ഇതോടെ പലരും നിയമപരമായി ഇതിനെ നേരിടാന്‍ രംഗത്ത് എത്തി. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം പോലും ഉയര്‍ന്നു.
ചിലരെ അറസ്റ്റ് ചെയ്‌തും മറ്റ് ചിലരെ റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കിയും ബന്ധപ്പെട്ടവര്‍ മുഖം രക്ഷിച്ചു. ശേഷിച്ചവര്‍ക്ക് പ്രവേശനം നല്‍കി. ക്ലാസുകളും ആരംഭിച്ചു കഴിഞ്ഞു. ഭാവിയിലെങ്കിലും ക്രമക്കേടുകളില്ലാത്ത, പരീക്ഷ നടക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
ഡീപ്പ് ഫെയ്‌ക് വിവാദം
ഡീപ്പ് ഫെയ്‌ക് സാങ്കേതികതയുടെ ദുരുപയോഗത്തിനും പോയ കൊല്ലം സാക്ഷ്യം വഹിച്ചു. ബോളിവുഡ് താരങ്ങളായിരുന്നു ഇതിന് ഇരയായതില്‍ ഏറെയും. രശ്‌മിക മന്ദാന, ആലിയ ഭട്ട്, ദീപിക പദുക്കോണ്‍ തുടങ്ങിയ താരങ്ങളുടെ വ്യാജ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. വിനോദ മേഖലയില്‍ ഇത്തരം സാങ്കേതികതകളുടെ സുരക്ഷ, സ്വകാര്യത, ധാര്‍മ്മികത എന്നിവയെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഈ സംഭവം ഉയര്‍ത്തിയത്.
തിരുപ്പതി പ്രസാദം ലഡു വിവാദം
മോദി ചന്ദ്രചൂഡിന്‍റെ വസതിയില്‍ (ETV file) രാജ്യത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തെക്കുറിച്ചുയര്‍ന്ന വിവാദങ്ങള്‍ സൃഷ്‌ടിച്ച കൊടുങ്കാറ്റുകളും ചെറുതായിരുന്നില്ല. തിരുപ്പതിയിലെ പ്രധാന പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പുകളും നിലവാരമില്ലാത്ത നെയ്യും മറ്റ് വസ്‌തുക്കളും ഉപയോഗിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത് മറ്റാരുമായിരുന്നില്ല എന്നതും വിവാദത്തിന് കൊഴുപ്പ് കൂട്ടി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെയാണ് ഈ ആരോപണമുയര്‍ത്തിയത്. മുന്‍സര്‍ക്കാരിന്‍റെ കാലത്താണ് ഇത്തരത്തില്‍ നിലവാരം കുറഞ്ഞ ചേരുവകകള്‍ കൊണ്ട് ലഡു നിര്‍മ്മിച്ചതെന്നും അവ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ അര്‍ച്ചിച്ചിരുന്നെന്നും അദ്ദേഹം ആരോപിച്ചു. വൈഎസ്ആര്‍സിപി സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
പാരിസ് ഒളിമ്പിക്‌സ് 2024 വിവാദം
വിനേഷ് ഫോഗട്ട് (ETV file) കേവലം നൂറ് ഗ്രാമിന്‍റെ പേരില്‍ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തില്‍ മത്സരിക്കാനാകാതെ ഒരു ഇന്ത്യന്‍ വനിതാ താരം പുറത്തായി എന്നത് ഓരോ ഇന്ത്യാക്കാരന്‍റെയും വേദനയായി. വിനേഷ് ഫോഗട്ട് എന്ന ഗുസ്‌തിതാരത്തിന് പാരിസ് ഒളിമ്പിക്‌സില്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ടപ്പോള്‍ അയോഗ്യരായിപ്പോയത് ഓരോ ഇന്ത്യാക്കാരനുമായിരുന്നു. ഈ ഒരു അയോഗ്യത മൂലം ആ പെണ്‍കുട്ടിക്ക് പാരീസില്‍ നിന്ന് വെറും കയ്യോടെ മടങ്ങേണ്ടി വന്നു. കൂടുതല്‍ സമയം അനുവദിച്ചാല്‍ ഈ നൂറ് ഗ്രാം കുറച്ച് അവള്‍ക്ക് മത്സരിക്കാനാകുമെന്ന ഇന്ത്യയുടെ ആവശ്യം ബധിരകര്‍ണങ്ങളിലേക്കാണ് പതിച്ചത്.
നിരവധി കായികതാരങ്ങള്‍ വിനേഷിന് പിന്തുണയുമായി രംഗത്ത് എത്തി. ഗുസ്‌തിമത്സരത്തിലെ മാനദണ്ഡങ്ങള്‍ പൊളിച്ചെഴുതണമെന്ന ആവശ്യവും ഉയര്‍ന്നു. വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ അവര്‍ക്ക് ഒരു സംയുക്ത വെള്ളിമെഡല്‍ എങ്കിലും നല്‍കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ രാജ്യാന്തര കായിക കോടതിയില്‍ പരാതിയുമായി എത്തി.
അതേസമയം പാരിസ് ഒളിമ്പിക്‌സ് വേദിയില്‍ തനിക്ക് കടുത്ത അപമാനം നേരിടേണ്ടി വന്നപ്പോള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന ആരോപണവും വിനേഷ് ഉയര്‍ത്തി. സംഭവത്തില്‍ ഇന്ത്യയില്‍ നിന്ന് ചില ഇടപെടലുകളുണ്ടായെന്ന ആരോപണവും ആ സമയത്ത് ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ഗുസ്‌തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ വിനേഷ് അടക്കമുള്ള വനിതാതാരങ്ങള്‍ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിന്‍റെ പകപോക്കലാണ് ഈ അയോഗ്യതയെന്നും ആരോപണം നിലനില്‍ക്കുന്നു.
സന്ദേശ്ഖാലി വിവാദം
സന്ദേശ് ഖാലിയിൽ നടന്ന സംഘർഷം (ETV file) റേഷന്‍ വിതരണ അഴിമതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഖാനെ ചോദ്യം ചെയ്യാനെത്തിയ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌ത സംഭവം ഏറെ വിവാദത്തിലേക്ക് വഴി തുറന്നു. ജനുവരി അഞ്ചിന് ഇഡി ഉദ്യോഗസ്ഥരെ അക്രമിച്ച ശേഷം ഷാജഹാന്‍ ഒളിവില്‍ പോയതും പിന്നീട് ഇയാള്‍ക്കെതിരെ നിരവധി സ്‌ത്രീകള്‍ ബലാത്സംഗ ആരോപണവുമായി രംഗത്ത് എത്തിയതും രാജ്യത്ത് വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. വര്‍ഷങ്ങളായി ഇയാളും ഇയാളുടെ ആളുകളും തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് നാട്ടിലെ ധാരാളം സ്‌ത്രീകള്‍ ആരോപണം ഉയര്‍ത്തി. ഇതിന് പുറമെ തങ്ങളുടെ ഭൂമിയും ഇയാള്‍ ചെമ്മീന്‍ കൃഷിക്കായി പിടിച്ച് വച്ച് ഉപയോഗിക്കുന്നുവെന്ന ആരോപണവും ഇവര്‍ ഉയര്‍ത്തി. ഇതേ തുടര്‍ന്ന് പ്രതിഷേധങ്ങളും രാഷ്‌ട്രീയ ആരോപണ പ്രത്യാരോപണങ്ങളും പശ്ചിമബംഗാളിനെ പിടിച്ച് കുലുക്കി. ഷാജഹാന്‍റെ ആള്‍ക്കാര്‍ നടത്തിയിരുന്ന മൂന്ന് കോഴിഫാമുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. ഇതോടെ സംഘര്‍ഷം കടുത്തു.
അദാനി വിവാദം
ലോകത്തെ അതിസമ്പന്നരില്‍ ഒരാളായ ഗൗതം അദാനിയെ അമേരിക്കയിലെ കോടതി കൈക്കൂലിയുമായി ബന്ധപ്പെട്ട് കേസില്‍ പെടുത്തിയത് വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. സൗരോര്‍ജ്ജ പദ്ധതിക്ക് അനുമതി കിട്ടുന്നതിനായി ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് വലിയ തോതില്‍ കൈക്കൂലി നല്‍കിയെന്നും അമേരിക്കന്‍ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച പണമാണ് ഇതിനായി ഉപയോഗിച്ചതെന്നുമായിരുന്നു അമേരിക്കയുടെ ആരോപണം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തായ അദാനിക്ക് പുറമെ ഇയാളുടെ മറ്റ് ഏഴ് പങ്കാളികളും അമേരിക്ക തയാറാക്കിയ പ്രതിപ്പട്ടികയില്‍ ഇടം പിടിച്ചു. ഗൗതം അദാനിയുടെ അനന്തരവന്‍ സാഗര്‍ അദാനിയും പ്രതിയാണ്. 2500 ലക്ഷം അമേരിക്കന്‍ ഡോളര്‍ ഊര്‍ജ്ജ കരാറുകള്‍ക്കായി കൈക്കൂലി നല്‍കിയെന്നാണ് അമേരിക്കന്‍ നീതിന്യായ വകുപ്പിന്‍റെ കുറ്റപത്രത്തില്‍ പറയുന്നത്. പ്രധാനമന്ത്രിയും സര്‍ക്കാരും അദാനിയെ സംരക്ഷിക്കുന്നെന്ന ആരോപണമുയര്‍ത്തി പ്രതിപക്ഷം കടുത്ത നിലപാടുകളുമായി രംഗത്ത് എത്തി. പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തി. പാര്‍ലമെന്‍റില്‍ വിഷയം ചര്‍ച്ച ആകാതിരിക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
വഖഫ് ബോര്‍ഡ് വിവാദം
വഖഫ് ബോര്‍ഡുകള്‍ക്ക് എത്ര ഭൂമി വരെ കൈവശം വയ്ക്കാം, ബോര്‍ഡുകളുടെ ഭൂമിയെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍, വഖഫ് ഭേദഗതി ബില്‍, ഇന്ത്യന്‍ മുസ്ലീം സമൂഹത്തിന്‍റെ വികസനത്തില്‍ വഖഫ് ബോര്‍ഡുകളുടെ പങ്ക് എന്നിവ രാജ്യത്ത് വലിയ കോലാഹലങ്ങളായി. ഇതിന് പുറമെ ബില്ലില ചില വ്യവസ്ഥകളും വിവാദമുയര്‍ത്തി. മുസ്ലീം ഇതരവിഭാഗങ്ങളില്‍ നിന്നുള്ളവരുടെ സംഭാവനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന ഭാഗമടക്കം വിവാദമുയര്‍ത്തി. ഇത് മതേതര വിരുദ്ധമാണെന്ന ആക്ഷേപവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബില്ലിനെ എതിര്‍ത്തു. മുസ്ലീങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള അക്രമമാണെന്ന ആരോപണവും അവര്‍ ഉയര്‍ത്തി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ വസതിയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം
മോദി ചന്ദ്രചൂഡിന്‍റെ വസതിയില്‍ (ETV file) പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്‍റെ വസതിയില്‍ നടന്ന ഗണപതി പൂജയില്‍ പങ്കെടുത്ത സംഭവം വലിയ വിവാദത്തിനാണ് വഴി മരുന്നിട്ടത്. നവംബര്‍ നാലിനായിരുന്നു ചന്ദ്രചൂഢിന്‍റെ വീട്ടില്‍ ഗണപതി പൂജ നടന്നത്. എന്നാല്‍ ഇതില്‍ അസ്വഭാവികത ഒന്നുമില്ലെന്നായിരുന്നു ചന്ദ്രചൂഢിന്‍റെ നിലപാട്. ന്യായാധിപന്‍മാരെ വിശ്വസിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.
പ്രഭാസിനെ ജോക്കര്‍ എന്ന് വിളിച്ച് വിവാദത്തിലായി അര്‍ഷാദ് വര്‍സി
കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയം കണ്ട ശേഷം ചലച്ചിത്രതാരം അര്‍ഷാദ് വര്‍സി പ്രഭാസിനെ ജോക്കര്‍ എന്ന് വിളിച്ചത് വലിയ വിവാദമാണ് സൃഷ്‌ടിച്ചത്. ദക്ഷിണേന്ത്യന്‍ ചിത്രങ്ങളെക്കുറിച്ചുള്ള അര്‍ഷാദിന്‍റെ കാഴ്‌ചപ്പാടുകളും വിവാദമായി. ഇത്തരത്തില്‍ വിഭാഗീയത സൃഷ്‌ടിക്കുന്ന വര്‍സിക്കെതിരെ ചലച്ചിത്രകാരന്‍മാരും ആരാധകരും രംഗത്തെത്തി. ഇന്ത്യന്‍ ചലച്ചിത്രലോകത്തിന്‍റെ ഐക്യത്തിന് വേണ്ടി നിലകൊള്ളാന്‍ അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
കങ്കണയെ സിആര്‍പിഎഫ് ഉദ്യോഗസ്ഥ മര്‍ദ്ദിച്ച സംഭവം
കങ്കണ കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥ കങ്കണ റാണൗത്തിന്‍റെ കരണത്തടിച്ചത് വലിയ ചര്‍ച്ചയായി. ജൂണ്‍ ആറിന് ചണ്ഡിഗണ്ഡ് വിമാനത്താവളത്തില്‍ വച്ചാണ് കങ്കണയ്ക്ക് മര്‍ദ്ദനമേറ്റത്. കുല്‍വീന്ദര്‍ കൗര്‍ എന്ന ഉദ്യോഗസ്ഥയാണ് കങ്കണയെ തല്ലിയത്. ഇക്കാര്യത്തില്‍ കങ്കണയ്ക്ക് വലിയ പിന്തുണ ഒന്നും കിട്ടിയില്ലെന്നതും ശ്രദ്ധേയമാണ്. ടെലിവിഷന്‍ താരം ദേവലീന ഭട്ടാചാര്യ കങ്കണയ്ക്ക് നേരെ നടന്ന പ്രവൃത്തി അപലപനീയമാണെന്ന് ചൂണ്ടിക്കാട്ടി.
കന്നഡ താരം ദര്‍ശന്‍ ജയിലില്‍
രേണുകാസ്വാമി വധക്കേസുമായി ബന്ധപ്പെട്ട് കന്നഡതാരം ദര്‍ശന്‍ തൊഗുദീപ ജയിലിലായത് വലിയ വിവാദമായിരുന്നു. താരത്തിന് ബെംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ വലിയ പരിഗണന കിട്ടി. ഇത് വിവാദമായതോടെ ഒടുവില്‍ ബെല്ലാരി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. എന്നാല്‍ ജീന്‍സും കൂളിങ് ഗ്ലാസുമൊക്കെ അണിഞ്ഞ് കോടതിയിലും മറ്റും ഇയാള്‍ വരുന്നതും വിവാദത്തിലേക്ക് നീണ്ടു. വന്‍കിട പ്രതികള്‍ക്ക് നിയമസംവിധാനത്തില്‍ കിട്ടുന്ന പരിഗണനകളായാണ് ഇവയെല്ലാം വ്യാഖ്യാനിക്കപ്പെട്ടത്.
രാഹുല്‍ഗാന്ധി അമേരിക്കയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍
രാഹുലിനെതിരെ നടന്ന പ്രതിഷേധം (ETV file) ഇന്ത്യയില്‍ സിക്കുകാര്‍ക്ക് സ്വതന്ത്രമായി തലപ്പാവ് ധരിക്കാനോ ഗുരുദ്വാരകളില്‍ പോകാനോ മതചിഹ്നങ്ങള്‍ അണിഞ്ഞ് സഞ്ചരിക്കാനോ സാധിക്കുന്നില്ലെന്ന രാഹുലിന്‍റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴി തുറന്നത്. സിക്ക് ഫോര്‍ ജസ്റ്റിസ് സഹസ്ഥാപകന്‍ ഗുര്‍പത്‌വന്തിന്‍റെ നേതൃത്വത്തില്‍ 1947 മുതല്‍ നടന്ന് വരുന്ന പോരാട്ടങ്ങള്‍ ചരിത്രപരമാണെന്നും അദ്ദേഹം ചൂ ണ്ടിക്കാട്ടി. പഞ്ചാബിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഗുര്‍പത്‌വന്തിന്‍റെ ആവശ്യത്തിന് പിന്തുണ നല്‍കുകയാണ് രാഹുല്‍ ഇത്തരം പരാമര്‍ശത്തിലൂടെയെന്ന് ആരോപണമുയര്‍ന്നു. സിക്കുകാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഇടം- ഖാലിസ്ഥാന്‍ വാദത്തെ രാഹുല്‍ ഇതിലൂടെ പിന്തുണയ്ക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നു. സര്‍ക്കാരടക്കം രാഹുലിനെ വിമര്‍ശിച്ചു. തെല്ലും അഭികാമ്യമല്ലാത്ത പരാമര്‍ശങ്ങളാണ് ഒരു അന്യരാജ്യത്ത് പോയി രാഹുല്‍ നടത്തിയതെന്ന കുറ്റപ്പെടുത്തലുകളുയര്‍ന്നു. ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുള്ള ഖാലിസ്ഥാന്‍ വിഘടന വാദി നേതാവ് പന്നുവിനെ പോലെയാണ് രാഹുല്‍ സംസാരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പോലും ആരോപിച്ചു.
പൂജ ഖേദ്‌കര്‍ വിവാദം
2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ ആയിരുന്നു പൂജ ഖേദ്‌കര്‍. യുപിഎസ്‌സി പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 841ാം റാങ്ക് കരസ്ഥമാക്കിയാണ് പൂജ അഖിലേന്ത്യാ സര്‍വീസില്‍ ഇടംപിടിച്ചത്. എന്നാല്‍ തന്‍റെ സ്വകാര്യ ആഡംബര ഓഡി കാറില്‍ അവര്‍ മഹാരാഷ്‌ട്ര സര്‍ക്കാരിന്‍റെ ഔദ്യോഗിക ചിഹ്നം പതിച്ചതും ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതുമെല്ലാം ഇവരെ വിവാദനായികയാക്കി. തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ ഒടുവില്‍ അവരുടെ ഐഎഎസ് പദവി തെറിപ്പിച്ചു.
അസിസ്റ്റന്‍റ് കളക്‌ടറാകും മുമ്പ് തന്നെ അവര്‍ ഔദ്യോഗിക വാഹനം ആവശ്യപ്പെട്ടിരുന്നത്രേ. ഇതിന് വിഐപി നമ്പര്‍ പ്ലേറ്റ് വേണമെന്നും ആവശ്യപ്പെട്ടു. ഇതിന് പുറമെ താമസ സൗകര്യവും ഔദ്യോഗിക ചേമ്പറും ജീവനക്കാരെയും ആവശ്യപ്പെട്ടു. അതേസമയം പരിശീലനത്തിലുള്ള ഒരു ഉദ്യോഗസ്ഥയ്ക്ക് ഇത്തരം സൗകര്യങ്ങള്‍ ഒന്നും ലഭിക്കില്ല.
ഇതിനെല്ലാം പുറമെയാണ് മറ്റ് പിന്നാക്ക വിഭാഗത്തിന്‍റെ ആനുകൂല്യത്തിലാണ് ഇവര്‍ സര്‍വീസില്‍ കയറിയതെന്ന് കണ്ടെത്തിയത്. ക്രീമിലെയര്‍ സംവരണത്തിനായി എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാനമെന്ന പരിധിയും ഇവര്‍ ഹാജരാക്കി.
എന്നാല്‍ ഇവരുടെ പിതാവിന് നാല്‍പ്പത് കോടി രൂപയുടെ ആസ്‌തിയുണ്ടെന്ന് തെരഞ്ഞെടുപ്പിന് നല്‍കിയ സത്യവാങ്മൂലം വ്യക്തമാക്കുന്നു. പ്രതിവര്‍ഷം 43 ലക്ഷം വരുമാനമുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ഇവരുടെ പിന്നാക്ക വിഭാഗ -നോണ്‍ക്രീമിലെയര്‍ അവകാശവാദങ്ങള്‍ പൊളിയുക ആയിരുന്നു.
ഇതിന് പുറമെ ഭിന്നശേഷി ആനുകൂല്യവും സര്‍വീസില്‍ കയറുന്നതിന് ഇവര്‍ ഉപയോഗിച്ചു. ഇതോടെ ഇവരെ സര്‍വീസില്‍ നിന്ന് പുറത്താക്കി. ഇവരെ സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള പരീക്ഷകള്‍ എഴുതുന്നതില്‍ നിന്നും ആജീവനാന്തം വിലക്കി. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഇവര്‍ നിരവധി തവണ പരീക്ഷ എഴുതിയെന്നും യുപിഎസ്‌സി കണ്ടെത്തി.
Also Read;സമ്പൂർണ സാക്ഷരത: കേരളത്തിന്‍റെ അവകാശവാദം പൊള്ളയെന്ന് ഗോവ മുഖ്യമന്ത്രി