ബെംഗളൂരു: നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ‘നമ്മ മെട്രോ’യിൽ കർഷകനെ അപമാനിച്ചതായി ആരോപണം. നഗരത്തിലെ രാജാജിനഗർ മെട്രോ സ്‌റ്റേഷനിലാണ് സംഭവം. സംഭവം വിവാദമായതോടെ കര്‍ഷകനെ മെട്രോയില്‍ കയറുന്നത് തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് നമ്മ മെട്രോ. ഫെബ്രുവരി 18ന് നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നമ്മ മെട്രോയുടെ നടപടി.
മുഷിഞ്ഞ വസ്ത്രം ധരിച്ചെന്ന് പറഞ്ഞ് ഒരു കർഷകനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. സംഭവം വിവാദമായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത് (Namma Metro).
ഫെബ്രുവരി 18ന് രാജാജിനഗർ മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം. തലയിൽ തുണികൊണ്ടുള്ള ഭാണ്ഡവും വെള്ള ഷർട്ടും മുണ്ടും ധരിച്ചെത്തിയ കര്‍ഷകനെയാണ് മെട്രോ സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചെക്ക് പോയിന്‍റില്‍ തടഞ്ഞു നിര്‍ത്തിയത്. കൈയില്‍ ടിക്കറ്റ് ഉണ്ടായിരുന്നിട്ടുകൂടി കര്‍ഷകനെ തിരിച്ചയക്കാനുള്ള ഉദ്യോഗസ്ഥന്‍റെ ശ്രമം യാത്രക്കാരും എതിര്‍ത്തു.
കർഷകനെ അപമാനിക്കുന്ന മെട്രോ ജീവനക്കാരുടെ പെരുമാറ്റം ഒരു യാത്രക്കാരന്‍ തന്‍റെ മൊബൈൽ ഫോണിൽ എടുത്തിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
കർഷകനെ കടത്തിവിടാത്തത് കണ്ട് മറ്റുയാത്രികര്‍ മെട്രോ സ്റ്റേഷനിലെ ജീവനക്കാരോട് ക്ഷുഭിതരാകുകയായിരുന്നു. വിഡിയോയില്‍ യാത്രക്കാരിലൊരാള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ പ്രവൃത്തിയെ ചോദ്യം ചെയ്യുന്നുണ്ട്. ഒടുവിൽ ജീവനക്കാരെ ഗൗനിക്കാതെ സഹയാത്രികർ തന്നെ കർഷകനെ മെട്രോയില്‍ കയറ്റുകയായിരുന്നു (Bengaluru Metro staff stopped a farmer for wearing dirty clothes).