ബെംഗളൂരു (കർണാടക) :മജസ്റ്റിക്-ഗരുഡാചാർപല്യ റൂട്ടിൽ തിങ്കളാഴ്‌ച മുതൽ തിരക്കേറിയ സമയങ്ങളിൽ ഓരോ 3 മിനിറ്റിലും ട്രെയിൻ ലഭിക്കും. ബെംഗളൂരു മെട്രോ റെയിൽ കേർപ്പറേഷൻ ലിമിറ്റഡ് (BMRCL) അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. ബിഎംആർസിഎൽ അനുസരിച്ച്, ട്രിനിറ്റി, ഇന്ദിരാനഗർ, ബെന്നിഗനഹള്ളി, കെആർ പുര മെട്രോ സ്റ്റേഷനുകളിലേക്കുള്ള നിരവധി യാത്രക്കാർക്ക് ഇത് സഹായകമാകും.
ശനി, ഞായർ, പൊതു അവധി ദിവസങ്ങൾ ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 8.45നും 10.20നും ഈ സേവനങ്ങൾ ലഭ്യമാകും. കൂടാതെ, ഇന്ത്യൻ റെയിൽവേ, ഇൻ്റർസിറ്റി ബസുകൾ (Indian Railways, intercity buses) എന്നിവ വഴി ബെംഗളൂരു നഗരത്തിലേക്ക് അതിരാവിലെ എത്തുന്ന യാത്രക്കാരുടെ സൗകര്യാർഥം, നമ്മ മെട്രോ നാദപ്രഭു കെംപെഗൗഡ സ്റ്റേഷനിൽ നിന്ന് (മജസ്റ്റിക്) എല്ലാ ഭാഗങ്ങളിലേക്കും ആഴ്‌ചയിലെ ഞായറാഴ്‌ച ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 5 മണിക്ക് ആദ്യത്തെ ട്രെയിൻ സർവീസ് അവതരിപ്പിക്കുന്നുവെന്ന് ബിഎംആർസിഎൽ അറിയിച്ചു.
കൂടാതെ നമ്മ മെട്രോ ആർവി റോഡ് ബൊമ്മസന്ദ്ര പാതകളിലെ സുരക്ഷ ഉറപ്പുവരുത്താൻ എഐ സഹായത്തോടെയുള്ള സോഫ്റ്റ്‌വെയർ ഉപയോഗിക്കുമെന്നും ബിഎംആർസി അറിയിച്ചിട്ടുണ്ട്. മെട്രോയുടെ ട്രാക്കിലെയും സിഗ്നലിങ്ങിലെയും പ്രശ്‌നങ്ങളും വളരെ പെട്ടന്ന് കണ്ടെത്താനും പരിഹരിക്കാനുമാണ് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.