ബല്ലാരി : രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ അന്വേഷണം തുമാകൂര്‍, ബല്ലാരി എന്നീ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ച് അന്വേഷണ സംഘം. പ്രതിയെന്ന് സംശയിക്കുന്നയാള്‍ തുമാകൂറിലും ബല്ലാരിയിലും എത്തിയിരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് എന്‍ഐഎയും കര്‍ണാടക പൊലീസും ഇവിടേക്ക് അന്വേഷണത്തിനായി എത്തിയത്.
ബെംഗളൂരു പൊലീസിന്‍റെയും ജില്ലാ പൊലീസ് ഓഫീസർമാരുടെയും സംഘം ഇന്നലെ (06-03-2024) തുമാക്കൂറിലെ പ്രധാന സ്ഥലങ്ങളിലെ സിസിടിവികൾ പരിശോധിച്ചു. തുമക്കൂർ കോർപറേഷന്‍റെ സിസിടിവി കൺട്രോൾ റൂമിലെത്തിയും സംഘം വിവരങ്ങൾ ശേഖരിച്ചു. തുമാക്കൂരിലെ റോഡുകള്‍ ബസ് സ്റ്റാൻഡുകളുൾപ്പെടെ എല്ലാ പ്രധാന സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് രാത്രിയോളം നീണ്ട അന്വേഷണമാണ് സംഘം നടത്തിയത്.
ബെംഗളൂരുവിൽ നിന്ന് രണ്ട് കാറുകളിലായി ബല്ലാരിയിലെത്തിയ എൻഐഎ ഉദ്യോഗസ്ഥർ ബല്ലാരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് രാത്രി മുഴുവൻ പരിശോധന നടത്തി. പ്രതി തുമാക്കൂർ വഴി ബല്ലാരി ബസ് സ്റ്റേഷനിൽ എത്തിയ ശേഷം, ബല്ലാരി ബസ് സ്റ്റേഷനിൽ നിന്ന് ഗോകർണ ബസിൽ കയറി മന്ത്രാലയ(റായിച്ചൂർ)യിൽ നിന്ന് ഭട്‌കലിലേക്ക് (ഉത്തർ കന്നഡ) പോയതായാണ് അനുമാനം. ബല്ലാരി പൊലീസും തുമാകൂർ പൊലീസും എൻഐഎ സംഘത്തിന് സഹായത്തിനെത്തിയിരുന്നു.