ഷിംല (ഹിമാചൽ പ്രദേശ്) : കാര്‍ഗില്‍ യുദ്ധ വിജയത്തിന്‍റെ സ്‌മരണയ്ക്ക് ഇന്ന് 25 വയസ് തികയുന്നു. ഇന്ത്യന്‍ സൈന്യത്തിന്‍റെ സമാനതകളില്ലാത്ത ധീരതയ്ക്ക് മുന്നില്‍ രാജ്യം ശിരസ് നമിക്കുന്നു. 1999 ജൂലൈ 26 ന് ആണ് കാർഗിൽ യുദ്ധം ഔദ്യോഗികമായി അവസാനിക്കുന്നത്. ഇന്ത്യന്‍ സൈന്യം നടത്തിയ ധീരോജ്ജ്വലവും സമാനതകളില്ലാത്തതുമായ പോരാട്ടത്തില്‍ 527 സൈനിരെയാണ് നമുക്ക് നഷ്‌ടമായത്.
നാടിന് ജീവന്‍ നല്‍കിയവരുടെ കൂട്ടത്തില്‍ രാജ്യം എന്നും ബഹുമാനത്തോടെ ഓര്‍ക്കുന്ന പേരാണ് ക്യാപ്റ്റന്‍ വിക്രം ബത്രയുടേത്. 'യേ ദിൽ മാംഗേ മോർ' (ഈ ഹൃദയം കൂടുതൽ ആഗ്രഹിക്കുന്നു) എന്ന മുദ്രാവാക്യവം വിളിച്ച് പോയിന്‍റ് 5140-ൽ ത്രിവർണ പതാക ഉയര്‍ത്തിയ യുദ്ധമുഖത്തെ 'ഷേര്‍ഷാ...'
ഇന്ത്യക്ക് വേണ്ടി നിര്‍ണായകമായ പോയിന്‍റ് പിടിച്ചെടുത്ത ശേഷം പരിക്കുകളോടെ വിശ്രമിക്കുകയായിരുന്നു ക്യാപ്റ്റന്‍ ബത്ര. പോയിന്‍റ് 4875 ല്‍ പാക് സൈന്യം നിരന്തരമായി ആക്രമണം നടത്തുന്നുണ്ടെന്ന് മനസിലാക്കിയ ബത്ര, വിശ്രമക്കിടക്ക വിട്ട്, കമാന്‍ഡിങ് ഓഫിസറുടെ വാക്കുകള്‍ സ്നേഹത്തേടെ നിരസിച്ച് പോയിന്‍റ് 4875- ലേക്ക് തിരിക്കുകയായിരുന്നു.
80 ഡിഗ്രി ചരിവുള്ള മല കയറിക്കൊണ്ട് വേണം പാക് സൈന്യത്തെ തുരത്താന്‍. പോരാട്ടത്തിനിടെ പരിക്കേറ്റ കൂട്ടത്തിലെ സൈനികനെ രക്ഷിക്കുന്നതിനിടെയാണ് ക്യാപ്‌റ്റന്‍ ബത്രക്ക് പരിക്കേല്‍ക്കുന്നത്. സഹായിക്കാനെത്തിയ സൈനികനെ പിന്നില്‍ സുരക്ഷിതനായി നിര്‍ത്തി പരിക്കേറ്റ സൈനികനെ എടുത്ത് കൊണ്ടുപോകുന്നതിനിടെ പാകിസ്ഥാന്‍റെ സ്‌നൈപ്പര്‍, ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ശരീരത്തില്‍ തുളച്ചുകയറുകയായിരുന്നു. ഇന്ത്യൻ ആർമി ക്യാപ്റ്റൻ വിക്രം ബത്ര ആ പോരാട്ടത്തിൽ വീരമൃത്യു വരിച്ചു. എങ്കിലും വലിയ പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ സൈന്യം പേയിന്‍റ് വിജയകരമായി തന്നെ പിടിച്ചെടുത്തു. 1999 ജൂലൈ 7-ന് ആണ് കാർഗിലിൽ വച്ച് അദ്ദേഹം വീരമൃത്യു വരിക്കുന്നത്.
ജമ്മു കശ്‌മീർ റൈഫിൾസിന്‍റെ പതിമൂന്നാം ബറ്റാലിയന്‍ ക്യാപ്റ്റനായിരുന്നു വിക്രം ബത്ര. 1974 സെപ്റ്റംബർ 9-ന് ഹിമാചൽ പ്രദേശിലെ പാലംപൂരിലാണ് വിക്രം ബത്ര ജനിച്ചത്. യുദ്ധമുഖത്തെ ധീരോജ്വലമായ ഇടപെടലുകളാണ് അദ്ദേഹത്തിന് 'ഷേർഷാ' (സിംഹരാജാവ്) എന്ന പേര് നേടിക്കൊടുത്തത്. 'ഒന്നുകിൽ ഞാൻ ത്രിവർണ പതാക ഉയർത്തിയതിന് ശേഷം മടങ്ങിവരും, അല്ലെങ്കിൽ അല്ലെങ്കില്‍ ആ ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ് ഞാൻ മടങ്ങിവരും. പക്ഷേ ഞാൻ തീർച്ചയായും മടങ്ങിവരും' -എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ക്യാപ്‌റ്റന്‍ വിക്രം ബത്രയുടെ സ്‌മരണയ്ക്കായി ഇന്ത്യൻ സൈന്യം നിരവധി സ്ഥാപനങ്ങൾക്കും അടിസ്ഥാന സൗകര്യ പദ്ധതികൾക്കും ക്യാപ്റ്റൻ വിക്രം ബത്രയുടെ പേര് നൽകിയിട്ടുണ്ട്.