കൊല്‍ക്കത്ത :ബംഗ്ലാദേശ് പാര്‍ലമെന്റംഗം അന്‍വറുല്‍ അസിം അനാറിന്റെ കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍ അമേരിക്കയിലേക്ക് കടന്നതായി ഡിറ്റക്ടീവ് വകുപ്പ് മേധാവി ഹാറൂണ്‍ ഓര് റഷീദ്. കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍ അഖ്തര്‍ ഉസ്മാന് കാഠ്മണ്ഡുവില്‍ നിന്ന് ദുബായ് വഴി അമേരിക്കയിലേക്ക് കടന്നതായാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഇയാളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെയും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് (സിഐഡി)യുടെയും സഹകരണത്തോടെ ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ എത്തിയതിന് പിന്നാലെ ഈ മാസം പതിമൂന്ന് മുതല്‍ എംപിയെ കാണാതാകുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കൊല്‍ക്കത്തയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ശരീരം വെട്ടിമുറിച്ച നിലയിലായിരുന്നു. കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിക്കാനായിരുന്നു നീക്കമെന്ന് പൊലീസ് സംശയിക്കുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ബംഗ്ലാദേശ് അന്വേഷണ സംഘം ഇന്ത്യയിലെത്തി. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ ഹാറൂണ്‍ ഓര് റഷീദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ബംഗ്ലാദേശികളാണ്. ബംഗ്ലാദേശില്‍ വച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.