ജലന്ധർ : പഞ്ചാബിലെ ജലന്ധറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഓട്ടോ ഡ്രൈവർ അറസ്‌റ്റിൽ. കഴിഞ്ഞയാഴ്‌ചയാണ് ജലന്ധറിലെ ലാംബ്രയിൽ നഴ്‌സായ യുവതി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. മോഡൽ ഹൗസ് പ്രദേശത്ത് ഓട്ടോ ഡ്രൈവറായ പ്രിൻസ് എന്നയാളാണ് കൊലയ്ക്കുപിന്നിലെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു (Auto Driver Accused in Rape and Murder).
ഡിസംബർ 26ന് രാവിലെയാണ് ലാംബ്ര പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചതെന്ന് സ്ഥലം ഡിഎസ്‌പി സുരീന്ദർപാൽ സിംഗ് ധോഗാഡി പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ തിരിച്ചറിഞ്ഞത്.
പെൺകുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്നും, ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായും പൊലീസ് പിന്നീട് കണ്ടെത്തി. തുടർന്ന് സിസിടിവി ക്യാമറകൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. അന്വേഷണത്തില്‍ മോഡൽ ഹൗസ് പ്രദേശത്തെ താമസക്കാരനായ പ്രിൻസ് എന്ന ഓട്ടോ ഡ്രൈവറാണ് പ്രതിയെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
പള്ളിയിൽ പോകാനാണ് യുവതി പ്രതിയുടെ ഓട്ടോയിൽ കയറിയത്. എന്നാൽ പ്രിൻസ് അവരെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി ബലാത്സംഗം ചെയ്യുകയും, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തേയും ഇയാൾ രണ്ടുതവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.