ഡൽഹി:രാമരാജ്യം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ഡൽഹിയിലെ ആംആദ്‌മി സർക്കാർ എന്ന് ഡൽഹി ധനമന്ത്രി അതിഷി. നിയമസഭയിൽ അവരുടെ ആദ്യ ബജറ്റ് പ്രസംഗത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024-25 വർഷത്തെ ഡൽഹി സർക്കാരിൻ്റെ 76,000 കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.
'രാമരാജ്യം' എന്ന ആശയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രസംഗങ്ങളിൽ നമുക്ക് കാണാം. 'രാമരാജ്യം' എന്ന ആശയത്തെ കുറിച്ച് വാദിക്കുമ്പോഴൊക്കെ അദ്ദേഹം വാചാലനാകാറുണ്ട്. റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ആംആദ്‌മി സർക്കാർ രാമ രാജ്യത്തിന്‍റെ 10 തത്ത്വങ്ങൾ ഉൾക്കൊള്ളുന്നതായും നല്ല വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സൗജന്യ വൈദ്യുതി, വെള്ളം എന്നിവ ജനങ്ങൾക്ക് നൽകുകയും സ്ത്രീ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുവെന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2025 സാമ്പത്തിക വർഷത്തേക്ക് 16,396 കോടി രൂപയാണ് വിദ്യാഭ്യാസത്തിനായി സർക്കാർ വകയിരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജനയുടെ കീഴിൽ 18 വയസു പൂർത്തിയായ സ്ത്രീകൾക്ക് എല്ലാമാസവും 1,000 രൂപ വീതം നൽകുമെന്നും ബജറ്റ് സമ്മേളനത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ സ്ത്രീകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടി സർക്കാർ 2000 കോടി രൂപ അനുവദിക്കുമെന്നും അതിഷി അറിയിച്ചു.