2019 ഒക്ടോബറിൽ നടന്ന 41-ാമത് ഡിആർഡിഒ സമ്മേളനത്തെ അഭിസംബോധന ചെയ്‌തു കൊണ്ട് അന്നത്തെ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പ്രസ്‌താവിച്ചു.
"ഏറ്റവുമധികം ആയുധങ്ങളും വെടിക്കോപ്പുകളും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, സ്വാതന്ത്ര്യം ലഭിച്ച് 70 വർഷത്തിനുശേഷവും ഇത്തരമൊരു പ്രസ്‌താവന നടത്തേണ്ടി വരുന്നത് ഒട്ടും അഭിമാനകരമായ കാര്യമല്ല. ഇനി വരുന്ന യുദ്ധങ്ങളില്‍ നാം തദ്ദേശീയമായ ആയുധ സംവിധാനങ്ങൾ ഉപയോഗിച്ച് പോരാടുമെന്നും വിജയിക്കുമെന്നും ഉറപ്പാണ് ".
ഇക്കഴിഞ്ഞ ആഴ്‌ച, നിലവിലെ സൈനിക മേധാവി ജനറൽ മനോജ് പാണ്ഡെ നടത്തിയ മറ്റൊരു പ്രസ്‌താവനയും ശ്രദ്ധേയമായിരുന്നു. സൈനിക ആവശ്യത്തിനുള്ള പ്രതിരോധ ഉപകരണങ്ങളും പ്രതിരോധ സംവിധാനങ്ങളും വികസിപ്പിക്കാന്‍ 340 തദ്ദേശീയ പ്രതിരോധ വ്യവസായസ്ഥാപനങ്ങളുമായി 230 കരാറുകളുടെ കാര്യത്തില്‍ സൈന്യം സഹകരിച്ച് പ്രവൃത്തിക്കുകയാണെന്നായിരുന്നു കരസേനാ മേധാവിയുടെ പ്രസ്‌താവന. 2.5 ലക്ഷം കോടി രൂപ അടങ്കലുള്ള ഈ 230 കരാറുകള്‍ 2025 ഓടെ പൂര്‍ത്തീകരിക്കാനുള്ളതാണെന്നും കരസേനാ മേധാവി വ്യക്തമാക്കി(Athmanirbharatha).
കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന സീനിയർ കമാൻഡർമാരുടെ സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യൻ നാവികസേന ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. '2047-ഓടെ 'സ്വയം പര്യാപ്‌തത ' കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 'മെയ്ക്ക് ഇൻ ഇന്ത്യ' വഴി സ്വദേശിവൽക്കരണം വർദ്ധിപ്പിക്കുന്നതിനുള്ള വിശദമായ കര്‍മ പരിപാടി കമാൻഡർമാർ ഏറ്റെടുക്കുമെന്നായിരുന്നു ഇന്ത്യന്‍ നേവി സൂചിപ്പിച്ചത്. "2047-ഓടെ ഞങ്ങൾ സ്വയം പര്യാപ്‌തത കൈവരിക്കുമെന്ന് രാഷ്ട്രത്തിന് വാക്ക് നല്‍കാന്‍ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, അതിന് വ്യവസായ ലോകത്തിന്‍റെ കൂടി പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമാണ്." നിലവിലെ നാവികസേനാ മേധാവി അഡ്മിറൽ ഹരി കുമാർ കഴിഞ്ഞ മാസം നടത്തിയ ഈ പ്രസ്താവന ഇന്ത്യന്‍ നേവിയും സ്വയം പര്യാപ്‌തത കൈവരിക്കാന്‍ ഉറച്ചിരിക്കുകയാണെന്നതിന് അടിവരയിടുന്നു(Defence).
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യൻ എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസിന് നൽകിയ അഭിമുഖത്തിൽ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി ഇങ്ങിനെ പറഞ്ഞു.
" പ്രതിരോധ രംഗത്ത് നവീകരണവും സാങ്കേതിക വികാസവും സാധ്യമാക്കാന്‍ ഗവേഷണ സ്ഥാപനങ്ങളേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും സ്റ്റാര്‍ട്ട്അപ്പുകളേയും വ്യവസായ സ്ഥാപനങ്ങളേയും മികച്ച കണ്ടെത്തലുകള്‍ നടത്തുന്ന പ്രതിഭകളേയുമൊക്കെ പ്രോത്സാഹിപ്പിക്കുന്ന ഒരു പരിസ്ഥിതി സൃഷ്ടിക്കാനാണ് വ്യോമസേന ലക്ഷ്യമിടുന്നത്(defence needs)."
പ്രതിരോധ രംഗത്ത് തദ്ദേശീയ വ്യവസായങ്ങളെ പിന്തുണയ്ക്കേണ്ടതിന്‍റെ ആവശ്യകത ഇന്ത്യന്‍ സായുധ സേന തിരിച്ചറിഞ്ഞു കഴിഞ്ഞു. സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഇറക്കുമതി കൂട്ടുകയും വിദേശ സാങ്കേതിക വിദ്യയെ ആശ്രയിക്കുകയും ചെയ്യുന്നത്, ദേശ സുരക്ഷയെ പുറം കരാറിന് വിട്ടു കൊടുക്കുന്നത്, ആപല്‍ക്കരമാണ്. അത് അസ്വീകാര്യമാണ്. പുറം രാജ്യങ്ങളില്‍ നിന്ന് വരുത്തുന്ന ആയുധങ്ങളെ മാത്രം ആശ്രയിക്കാൻ രാജ്യത്തിന് കഴിയില്ല എന്ന വലിയ പാഠമാണ് യുക്രെയ്ൻ യുദ്ധത്തില്‍ നിന്ന് പഠിച്ചതെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ പറഞ്ഞു.
പ്രതിരോധ രംഗത്ത് ഒരു രാജ്യം സ്വയം പര്യാപ്‌തമാകണമെന്ന പ്രധാന പാഠമാണ് അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങള്‍ നമുക്ക് നല്‍കുന്നത്. നമ്മുടെ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ക്ക് അനുസരിച്ച് രൂപകല്‍പ്പന ചെയ്‌ത ആയുധങ്ങളും ഉപയോഗക്രമങ്ങളുമാണ് നമുക്ക് ആവശ്യം.യുക്രൈന്‍ തങ്ങളുടെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി പാശ്ചാത്യ രാജ്യങ്ങളെ ധാരാളമായി ആശ്രയിക്കുന്നു. ആയുധങ്ങളുടെ വിതരണത്തിലെ കാലതാമസം യുദ്ധഭൂമിയില്‍ യുക്രൈനുണ്ടായ തിരിച്ചടിക്ക് കാരണമായി. യുക്രൈന് പാശ്ചാത്യരാജ്യങ്ങള്‍ നല്‍കിയ ആയുധങ്ങള്‍ എവിടെ നിന്നും പ്രയോഗിക്കാന്‍ കഴിയുന്നതരത്തില്‍ രൂപകല്‍പ്പന ചെയ്‌തവ ആയിരുന്നു. എന്നാല്‍ ഇതിന്‍റെ മുഴുവന്‍ സാധ്യതകളും ഉപയോഗിക്കുന്നതില്‍ അവര്‍ക്ക് വീഴ്‌ച പറ്റി. അമേരിക്കയുടെ അബ്രാംസ് ടാങ്കുകള്‍ക്ക് വിജയം വരിക്കാന്‍ കഴിയാതെ പോയതിന് ഒരു കാരണം അതുമാകാം.
അമേരിക്കന്‍ പാര്‍ലമെന്‍റ് താത്‌ക്കാലികമായി യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തി വച്ചതും അവരെ പ്രതിസന്ധിയിലാക്കി. കീവിന്‍റെ ആവശ്യങ്ങള്‍ മുഴുവന്‍ സാധിച്ച് നല്‍കാന്‍ യൂറോപ്പിന് കഴിഞ്ഞില്ല. ഇത് റഷ്യയ്ക്ക് ഗുണകരമായി. റഷ്യന്‍ പ്രതിരോധ വ്യവസായത്തിന് മിക്ക പ്രതിരോധ ആവശ്യങ്ങളും നിറവേറ്റാനായി. അത് അവരുടെ സൈനിക കരുത്ത് വര്‍ദ്ധിപ്പിച്ചു. ഉത്തരകൊറിയ, ഇറാന്‍, ചൈന, തുടങ്ങിയവര്‍ക്ക് ഇത് തിരിച്ചടിയുമായി.
ആയുധങ്ങള്‍ സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സാധിക്കും. ഒന്നുകില്‍ ഇവര്‍ക്ക് വീണ്ടും ആയുധങ്ങള്‍ നല്‍കാതിരിക്കാം. അതുമല്ലെങ്കില്‍ ഉപകരണങ്ങളുടെ ഭാഗങ്ങള്‍ ആവശ്യമുള്ള സമയത്ത് ലഭ്യമാക്കാതിരിക്കാം. പാകിസ്ഥാന്‍റെ എഫ് 16 യുദ്ധവിമാനങ്ങള്‍ അമേരിക്ക മുഴുവന്‍ സമയവും നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അവിടെ നിന്ന് മാത്രമേ അവര്‍ക്ക് ആയുധങ്ങള്‍ വാങ്ങാനാകൂ. കാര്‍ഗില്‍ യുദ്ധവേളയില്‍ അമേരിക്ക ജിപിഎസ് സേവനങ്ങള്‍ നിഷേധിച്ചത് കൊണ്ടാണ് ഡിആര്‍ഡിഒ സ്വന്തമായി ഒന്ന് വികസിപ്പിച്ചത്. അങ്ങനെയാമ് നാവിഗേഷന്‍ ഫോര്‍ ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍(നാവിക്) ജനിച്ചത്.
ഇതിന് പുറമെ, ഇറക്കുമതിച്ചെലവ് വളരെക്കൂടുതലാണ്. ഇവ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുകയാണെങ്കില്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയും സമ്പദ്ഘടനയും ശാക്തീകരിക്കപ്പെടും. ഇതിന് പുറമെ പ്രതിരോധ ഉടമ്പടികളിലെ അഴിമതിക്കും അറുതിയുണ്ടാകും.
2014ലാണ് പ്രതിരോധ രംഗത്തെ ആത്മനിര്‍ഭരതയ്ക്ക് തുടക്കമാകുന്നത്. വര്‍ഷങ്ങള്‍ കൊണ്ട് അതിന് പുതിയ ഊര്‍ജ്ജം ലഭിച്ചു. സ്വകാര്യമേഖലയ്ക്ക് കൂടി വാതില്‍ തുറന്ന് നല്‍കിക്കൊണ്ട് ഓര്‍ഡനന്‍സ് ഫാക്‌ടറി ബോര്‍ഡ് ഇന്ത്യയുടെ പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ കുത്തകവത്ക്കരണം കൂടി നടത്തി. രാജ്യത്തെ പ്രതിരോധ ഉത്‌പാദനം പുത്തന്‍ ഉയരങ്ങളിലെത്തി. 2017ല്‍ 740 കോടി രൂപ ആയിരുന്ന പ്രതിരോധ ഉത്പാദന മേഖല 2023ല്‍ ഒരു ലക്ഷം കോടിയിലെത്തി.