ന്യൂഡൽഹി :ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ചേര്‍ന്ന യോഗത്തിൽ ഇന്ത്യാബ്ലോക്ക് നേതാക്കൾ നിലവിലെ സാഹചര്യമാണ് ചർച്ച ചെയ്‌തതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. തെലുഗുദേശം പാർട്ടി (ടിഡിപി) നേതാവ് ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തുടങ്ങിയവരുമായി ചർച്ച നടത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, "ആരാണ് ഇതെല്ലാം പറയുന്നതെന്ന് എനിക്കറിയില്ല" എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
"ഞങ്ങൾ നിലവിലെ സാഹചര്യമാണ് ചർച്ച ചെയ്‌തത്. യോഗം അംഗീകരിച്ച പ്രസ്‌താവന മല്ലികാർജുൻ ഖാർഗെ വായിച്ചു. അദ്ദേഹം ഇന്ത്യാബ്ലോക്കിന്‍റെ ചെയർമാനാണ്. നിങ്ങൾ വ്യത്യസ്‌തമായ ചോദ്യങ്ങളാണ് ചോദിക്കുന്നത്"- ഡി രാജ മാധ്യമങ്ങളോട് പ്രതികരിച്ചു. ബുധനാഴ്‌ച സമാപിച്ച ഇന്ത്യാബ്ലോക്ക് മീറ്റിങ്ങിന് ശേഷം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തങ്ങളെ പിന്തുണച്ചതിന് ജനങ്ങൾക്ക് നന്ദി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ഫാസിസ്‌റ്റ് ഭരണത്തിനെതിരെ ഇന്ത്യാസഖ്യം പോരാടുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"സഖ്യത്തിന് ലഭിച്ച വൻ പിന്തുണയ്‌ക്ക് ഇന്ത്യാബ്ലോക്കിലെ ഘടകകക്ഷികൾ ജനങ്ങൾക്ക് നന്ദി പറയുന്നു. ബിജെപിക്കും അവരുടെ വിദ്വേഷത്തിന്‍റെയും അഴിമതിയുടെയും രാഷ്‌ട്രീയത്തിനും തക്കതായ മറുപടിയാണ് ജനം നൽകിയത്. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ഫാസിസ്‌റ്റ് ഭരണത്തിനെതിരെ ഇന്ത്യാസംഘം പോരാടുന്നത് തുടരും" - യോഗശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.