ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡിലും മഹാരാഷ്‌ട്രയിലും പ്രചാരണം ശക്തമാക്കി മുന്നണികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരടക്കമുള്ള നേതാക്കളെല്ലാം വരും ദിവസങ്ങളിലായി മഹാരാഷ്‌ട്രയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധി നാളെയും (നവംബര്‍ 6) പ്രധാനമന്ത്രി വെള്ളിയാഴ്‌ചയും (നവംബര്‍ 8) സംസ്ഥാനത്ത് റാലികളും റോഡ് ഷോയും നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മഹാരാഷ്‌ട്രയില്‍ നാളെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ പ്രഖ്യാപിക്കും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ 29ന് അവസാനിച്ചതോടെയാണ് മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പിനുള്ള വ്യക്തമായ ചിത്രം തെളിഞ്ഞത്. 288 നിയമസഭ സീറ്റുകളിലേക്കുള്ള മത്സരമാണ് നടക്കുന്നത്. മഹാരാഷ്‌ട്രയില്‍ ഇതുവരെ 4426 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫിസ് അറിയിച്ചു.
ഒക്‌ടോബര്‍ 28വരെയുള്ള കണക്കാണിത്. 3259 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ ഇത്തവണ വര്‍ധനവുണ്ടായിട്ടുണ്ട്. 28 ശതമാനമാണ് വര്‍ധനവ്.
നവംബര്‍ 20നാണ് മഹാരാഷ്‌ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പ്. ഇതിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ 29 ആയിരുന്നു. അവയുടെ സൂക്ഷ്‌മ പരിശോധനക്കുള്ള അവസാന തീയതി ഒക്‌ടോബര്‍ 30ന് അവസാനിച്ചു. സമര്‍പ്പിച്ച അപേക്ഷകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 4 ആയിരുന്നു.