ന്യൂഡൽഹി :സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് തിഹാർ ജയിലിൽ നിന്ന് ഇറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കും. പിന്നീട് ഡൽഹിയിലെ ആം ആദ്‌മി പാർട്ടി ഓഫീസിൽ വാർത്താസമ്മേളനം നടത്തും. വൈകുന്നേരം സൗത്ത് ഡൽഹിയിൽ നടക്കുന്ന റോഡ് ഷോയിലും പങ്കെടുക്കുമെന്ന് ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ കൂടിയായ അദ്ദേഹം അറിയിച്ചു.
മാർച്ച് 21ന് എക്സൈസ് പോളിസി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തതിന് ശേഷം കെജ്‌രിവാൾ 50 ദിവസത്തിലധികം തിഹാർ ജയിലിൽ കഴിഞ്ഞിരുന്നു. ജൂൺ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ രണ്ടിന് കെജ്‌രിവാൾ കീഴടങ്ങണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനുളള അനുമതിയുണ്ടെങ്കിലും മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് ഓഫീസിൽ പോകാന്‍ കഴിയില്ല.
"ഞാൻ ഉടൻ മടങ്ങിവരുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു, ഇതാ ഞാൻ," വെള്ളിയാഴ്‌ച ജയിലിൽ നിന്ന് മടങ്ങിവരുന്ന വഴി അനുയായികളെ അഭിസംബോധന ചെയ്‌തുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു. "എനിക്ക് എല്ലാവരോടും നന്ദിയുണ്ട്. രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ആളുകൾ എനിക്കുവേണ്ടി പ്രാർഥിച്ചു. നിങ്ങളോടൊപ്പം ഇവിടെ നിൽക്കാന്‍ കഴിഞ്ഞതിന് എനിക്ക് സുപ്രീം കോടതിയോട് നന്ദി പറയണം. എനിക്കുളളതെല്ലാം ഉപയോഗിച്ച് ഞാന്‍ സ്വേച്ഛാധിപത്യത്തിനെതിരായി പോരാടുകയും പ്രതിഷേധിക്കുകയും ചെയ്യും. രാജ്യത്തെ 140 കോടി ജനങ്ങളും സ്വേച്ഛാധിപത്യത്തിനെതിരെ പോരാടണം" - അദ്ദേഹം കൂട്ടിച്ചേർത്തു.
"ഹനുമാൻ ജി കീ ജയ്. ഇത് ജനാധിപത്യത്തിൻ്റെ വിജയമാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ പ്രാര്‍ഥനയുടെയും അനുഗ്രഹത്തിന്‍റെയും ഫലമാണ്. എല്ലാവർക്കും നന്ദി" - സുനിത കെജ്രിവാൾ എക്‌സില്‍ കുറിച്ചു. ഇന്ത്യ ബ്ലോക്കിലെ പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്‌തു. "അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഇത് ഏറെ സഹായകരമാകും"-പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. "തെരഞ്ഞെടുപ്പ് സമയത്താണ് അറസ്റ്റ് ചെയ്‌തത്, ഇപ്പോൾ കോടതി ഇളവ് നൽകി. ഭാവിയിൽ സർക്കാർ ഇത്തരമൊരു തെറ്റ് ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു" - കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതികരിച്ചു.
അതേസമയം ബിജെപി നേതാക്കൾ പ്രതിപക്ഷത്തെ വിമർശിച്ച് രംഗത്തെത്തി. മുഖ്യമന്ത്രി കെജ്‌രിവാൾ നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും, ജൂൺ 1 വരെ ജാമ്യത്തിലാണെന്നുമായിരുന്നു ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയുടെ പ്രതികരണം. 'ജൂൺ 1 വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം അനുവദിച്ചു, പക്ഷേ അതിനുശേഷം എന്താണ് ?. ഇടക്കാല ജാമ്യം കിട്ടുന്നതിന്‍റെ അര്‍ഥം നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടു എന്നല്ല. കൂടാതെ ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുകയുമില്ല, ഡൽഹിയിലെ 7 സീറ്റുകളും ബിജെപി നേടും' - സച്ച്‌ദേവ അവകാശപ്പെട്ടു.
ALSO READ: 'ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കണം'; 50 ദിവസത്തിന് ശേഷം അരവിന്ദ് കെജ്‌രിവാള്‍ ജയിലിന് പുറത്തേക്ക്, ഗംഭീര സ്വീകരണം
ജൂൺ 2 വരെ ജാമ്യ ഉത്തരവിന് പ്രാബല്യമുണ്ടെന്ന് അരവിന്ദ് കെജ്‌രിവാളിന് വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ ഷദൻ ഫറാസത്ത് അറിയിച്ചു. മെയ് 25 നാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്.