ന്യൂഡൽഹി :അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഡൽഹിയിലെ ചേരികൾ ബിജെപി പൊളിച്ചു നീക്കുമെന്ന് ആം ആദ്‌മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ജനങ്ങളെ ബിജെപി ഭവനരഹിതരാക്കുമെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ ഒരു ചേരിയില്‍ നിന്നാണ് കെജ്‌രിവാള്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
'ഇപ്പോള്‍ ബിജെപി നേതാക്കൾ ചേരികളിലേക്ക് പോയി അവിടെ താമസിക്കുന്നത് നമ്മൾ കാണുന്നു. കഴിഞ്ഞ അഞ്ച്, പത്ത് വർഷത്തില്‍ അവരാരും ഈ ചേരികളില്‍ പോയിരുന്നില്ല, അവിടെ താമസിച്ചിരുന്നുമില്ല.
എന്നാലിപ്പോള്‍ നേതാക്കൾ കഴിഞ്ഞ ഒരു മാസമായി ചേരികളിലാണ് താമസിക്കുന്നത്. അവർക്ക് ചേരി നിവാസികളോട് ഉള്ളത് സ്നേഹമല്ല. അത് സമ്പന്നരുടെ പാർട്ടിയാണ്. ചേരി നിവാസികളുമായി അവർക്ക് എന്താണ് ബന്ധം?' -കെജ്‌രിവാൾ ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ചേരി നിവാസികളെ അവർ പ്രാണികളായാണ് കണക്കാക്കുന്നത്. വോട്ടെടുപ്പിന് മുമ്പ് ചേരി നിവാസികളുടെ വോട്ടും വോട്ടെടുപ്പിന് ശേഷം ചേരി നിവാസികളുടെ ഭൂമിയും അവർക്ക് ആവശ്യമാണ്. അവർ ആ ഭൂമിയെയാണ് സ്നേഹിക്കുന്നത്. അവരുടെ വോട്ടുകളെയാണ് സ്നേഹിക്കുന്നത്' -കെജ്‌രിവാൾ പറഞ്ഞു.
ചേരി നിവാസികൾക്ക് വീടുകൾ നിർമിച്ചു നല്‍കാന്‍ ബിജെപിക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. 2014-ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നു. ഈ 11 വർഷത്തിനുള്ളിൽ അവർ ഡൽഹിയിൽ 4,700 വീടുകൾ നിർമിച്ചു.
ഡൽഹിയിൽ 4 ലക്ഷം ചേരി നിവാസികളുണ്ട്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 4,700 വീടുകളാണ് നിർമിച്ചതെങ്കിൽ, ഡൽഹിയിലെ എല്ലാ ചേരി നിവാസികൾക്കും വീട് നൽകാൻ 1000 വർഷമെടുക്കും. ബിജെപിക്ക് വീടുകൾ പണിതുകൊടുക്കാന്‍ ഒരു താത്പര്യവുമില്ല.
ഇവര്‍ കള്ളം പറയുകയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഡൽഹിയിലെ ചേരികൾ പൊളിച്ചുമാറ്റപ്പെടും. ആളുകളെ ഭവനരഹിതരാക്കും. അവരെ ബിജെപി തെരുവിലിറക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചേരിനിവാസികളുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തിന് മറുപടി നല്‍കാനാണ് കെജ്‌രിവാള്‍ ഇന്ന് മാധ്യമങ്ങളെ കണ്ടത്. ബിജെപി പൊളിച്ചു മാറ്റാന്‍ പദ്ധതിയിടുന്ന ഒരു ചേരിയില്‍ നിന്ന് ബിജെപിയുടെ കള്ളങ്ങള്‍ തെളിവ് സഹിതം പൊളിക്കുമെന്ന് ഇന്നലെ (11-01-2025) കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു.
ഫെബ്രുവരി 5 ന് ആണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ഫെബ്രുവരി 8 ന് നടക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്.
നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധനയ്ക്കുള്ള തീയതി ജനുവരി 18. ജനുവരി 20 ആണ് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി.
തുടർച്ചയായി 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസിന് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിട്ടില്ല. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70 ൽ 62 സീറ്റുകൾ നേടിയാണ് ആം ആദ്‌മി പാർട്ടി അധികാരത്തിലെത്തുന്നത്. ബിജെപിക്ക് അന്ന് എട്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
Also Read:'ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ ജീവന്‍ നഷ്‌ടമായത് 474 പേര്‍ക്ക്'; ഞെട്ടിക്കുന്ന കണക്ക്!