ന്യൂഡൽഹി :എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ കസ്റ്റഡിയിലിരുന്ന് സർക്കാർ ഭരണം തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കസ്റ്റഡിയിലിരിക്കെ കെജ്‌രിവാൾ ആദ്യ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നഗരത്തിലെ ചില പ്രദേശങ്ങൾ നേരിടുന്ന വെള്ളവും അഴുക്കുചാലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജലമന്ത്രി അതിഷിയോടാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.
ശനിയാഴ്‌ച വൈകിയാണ് മുഖ്യമന്ത്രിയുടെ നിർദേശം ലഭിച്ചതെന്ന് പത്രസമ്മേളനത്തിൽ അതിഷി പറഞ്ഞു. സ്വന്തം ദുരവസ്ഥയ്‌ക്കിടയിലും ഡൽഹിയിലെ ജനങ്ങളോട് കെജ്‌രിവാൾ കാണിക്കുന്ന കരുതൽ തൻ്റെ കണ്ണുകളെ ഈറനണിയിച്ചുവെന്നും അവര്‍ പറഞ്ഞു. വേനൽ മാസങ്ങൾ ആസന്നമായതിനാൽ ജലവിതരണം ശക്തമാക്കാൻ ക്ഷാമമുള്ള പ്രദേശങ്ങളിൽ ആവശ്യത്തിന് വാട്ടർ ടാങ്കറുകൾ വിന്യസിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയതായി അതിഷി പറഞ്ഞു.
ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകാൻ മുഖ്യമന്ത്രി അറിയിച്ചതായി പറഞ്ഞ മന്ത്രി ആവശ്യമെങ്കിൽ ലഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേനയുടെ സഹായം തേടാനും അറിയിച്ചതായി വ്യക്തമാക്കി.
അതേസമയം ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്‌ചയാണ് (21-03-2024) എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തത്. ഡൽഹി സർക്കാരിന്‍റെ 2021-22 ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് അദ്ദേഹത്തിനെതിരായ കേസ്. മദ്യനയ കേസിലെ നടപടികളിൽ നിന്ന് കെജ്‌രിവാളിന് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ ആയിരുന്നു അറസ്‌റ്റ്.
എഎപി ദേശീയ കൺവീനർ കൂടിയായ കെജ്‌രിവാളിനെ മാർച്ച് 28 വരെയാണ് കേന്ദ്ര ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കേസിൽ എഎപി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും നിലവില്‍ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.