ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും രംഗത്ത്. സിഎഎ നടപ്പാക്കിയാല്‍ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. അമിത്‌ഷായുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അരവിന്ദ് കെജ്‌രിവാള്‍.
ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഇന്ത്യയ്‌ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത അത്രയും ആളുകളുടെ കുടിയേറ്റം ഉണ്ടാകും. അമിത് ഷാ തന്നെ അഴിമതിക്കാരനെന്ന് വിളിച്ചു. എന്നാല്‍ ഇവിടെ എനിക്കല്ല പ്രാധാന്യം. മറിച്ച് രാജ്യത്തിനാണ്. എന്നാല്‍ സിഎഎ സംബന്ധിച്ച തന്‍റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല. പകരം തന്നെ അധിക്ഷേപിക്കുക മാത്രമാണ് ചെയ്‌തത്.
അരവിന്ദ് കെജ്‌രിവാളിന്‍റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം : സിഎഎ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള അരവിന്ദ് കെജ്‌രിവാളിന്‍റെ പരാമര്‍ശത്തിനെതിരെ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം. കെജ്‌രിവാള്‍ തന്‍റെ പ്രസ്‌താവനയില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു, സിഖ് അഭയാർഥികൾ അടക്കമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ന് (മാര്‍ച്ച് 14) രാവിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിക്ക് സമീപമാണ് പ്രതിഷേധവുമായി സംഘമെത്തിയത്. വസതിയിലേക്ക് മാര്‍ച്ച് ചെയ്യാനൊരുങ്ങിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
സിഎഎയ്‌ക്കും അഭയാര്‍ഥികള്‍ക്കുമെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. രോഹിണി, ആദർശ് നഗർ, സിഗ്നേച്ചർ ബ്രിഡ്‌ജ്, മജ്‌നു കാതില്ല എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ് അഭയാര്‍ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
പ്രതിഷേധത്തിന് കാരണമായ പരാമര്‍ശം :ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഎഎ നടപ്പാക്കുന്നത് ഭാരതീയ ജനത പാര്‍ട്ടിയുടെ വൃത്തികെട്ട വോട്ട് ബാങ്ക് രാഷ്‌ട്രീയമാണെന്ന് കെജ്‌രിവാള്‍ ഇന്നലെ (മാര്‍ച്ച് 14) വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പാകിസ്ഥാൻ ഉൾപ്പടെയുള്ള അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള പാവപ്പെട്ടവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് അവരെ ഇവിടെ താമസിപ്പിക്കാനാണ് ബിജെപി നീക്കമെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.
പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന അഭയാർഥികൾക്ക് ജോലിയും വീടുകളും വിഭവങ്ങളും എവിടെ നിന്ന് ലഭിക്കുമെന്ന് കെജ്‌രിവാൾ കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. 1947ൽ ഉണ്ടായതിനേക്കാൾ വലിയ കുടിയേറ്റം സിഎഎ നടപ്പാക്കുന്നത് വഴി ഉണ്ടാകും. അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ 2.5 കോടി മുതൽ 3 കോടി വരെ ന്യൂനപക്ഷങ്ങളുണ്ട്. സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര ആളുകൾ ഇന്ത്യയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.
2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ വന്നവര്‍ക്ക് പൗരത്വം നല്‍കുമെന്ന് കേന്ദ്രം പറയുന്നു. എന്നാല്‍ 2014ന് ശേഷം ആളുകള്‍ ഇന്ത്യയിലേക്ക് വരുന്നത് നിര്‍ത്തിയിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നിരവധി പേരെ നേരത്തെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ സിഎഎ നടപ്പിലാക്കുന്നതോടെ നുഴഞ്ഞുകയറ്റക്കാര്‍ അധികരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.