ന്യൂഡൽഹി:മദ്യനയ അഴിമതി കേസിൽ റിമാന്‍ഡിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയിൽ വാദം തുടങ്ങി. സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിലെ അറസ്‌റ്റും റിമാൻഡും നിയമ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലും സുപ്രീംകോടതി വാദം കേൾക്കും. മദ്യനയ അഴിമതി കേസിൽ അന്വേഷണം ആരംഭിച്ച് രണ്ട് വർഷത്തോളം സിബിഐ തന്നെ അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ അറിയിച്ചു. മാത്രമല്ല ഇഡി ഫയൽ ചെയ്‌ത കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം ജൂൺ 26നാണ് സിബിഐ തന്നെ അറസ്‌റ്റ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അറസ്‌റ്റിന് മുമ്പ് സിബിഐ കെജ്‌രിവാളിന് നോട്ടിസ് നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‌വി വ്യക്തമാക്കി. മാത്രമല്ല വിചാരണ കോടതി പുറപ്പെടുവിച്ച എക്‌സ്-പാർട്ട് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തതെന്നും അഭിഷേക് സിങ്‌വി ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.
കെജ്‌രിവാൾ ഒരു ഭരണഘടന പ്രവർത്തകനാണെന്നും അദ്ദേഹം ഒളിച്ചോടി പോകുന്ന ആളല്ലെന്നും മുഖ്യമന്ത്രിക്ക് വേണ്ടി ജാമ്യാപേക്ഷ നൽകിയ അഭിഷേക് സിങ്‌വി കോടതിയിൽ പറഞ്ഞു. സിബിഐ എഫ്ഐആറിൽ കെജ്‌രിവാളിൻ്റെ പേരില്ലെന്നും അദ്ദേഹം അന്വേഷണ പരിധിവിട്ട് പോകുന്ന വ്യക്തിയല്ലെന്നും അഭിഷേക് സിങ്‌വി കൂട്ടിച്ചേർത്തു. കേസിൽ മുഖ്യമന്ത്രിക്ക് ഇടക്കാലജാമ്യം അനുവദിക്കണമെന്നും അദ്ദേഹം സമൂഹത്തിന് ഭീഷണിയല്ലെന്നും മുതിർന്ന അഭിഭാഷകൻ വ്യക്തമാക്കി.
മദ്യനയ അഴിമതി കേസ് വിശദ വിവരങ്ങൾ ഇങ്ങനെ:മദ്യനയ അഴിമതി കേസിൽ 2024 മാർച്ചിലാണ് അരവിന്ദ് കെജ്‌രിവാളിനെതിരെ നടപടി സ്വീകരിച്ചത്. സുപ്രീംകോടതിയും വിചാരണ കോടതിയും ഇതിനകം തന്നെ മുഖ്യമന്ത്രിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഓഗസ്‌റ്റ് 23ന് സിബിഐയെ സുപ്രീംകോടതി അനുവദിക്കുകയും പുനഃപരിശോധന ഹർജി നൽകാൻ കെജ്‌രിവാളിന് രണ്ട് ദിവസത്തെ സമയം നൽകുകയും ചെയ്‌തിരുന്നു.
ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്‌തും കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌തതിനെതിരെയും കെജ്‌രിവാൾ രണ്ട് വ്യത്യസ്‌ത ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നത്. തൻ്റെ അറസ്‌റ്റ് ശരിവച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെയും അദ്ദേഹം ചോദ്യം ചെയ്‌തു.