ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വന്‍ വോട്ട് തട്ടിപ്പിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ബിജെപിയുടെ തട്ടിപ്പുകള്‍ക്ക് സൗകര്യമൊരുക്കുകയാണ്. ഇത്തരത്തിലുള്ള യാതൊരു പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും ശക്തമായ നടപടി എടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. ബിജെപിയെ സഹായിക്കുന്ന ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറെയും ഇആര്‍ഒയെയും ചുമതലയിൽ നിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ട് റദ്ദാക്കാനുള്ള നിരവധി വ്യാജ അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ മാത്രം ഡിസംബര്‍ പതിനഞ്ച് മുതല്‍ ജനുവരി ഏഴ് വരെയുള്ള 22 ദിവസത്തിനിടെ 5500 അപേക്ഷകളാണ് വോട്ട് റദ്ദാക്കലിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇതെല്ലാം വ്യാജ അപേക്ഷകളാണ്. വലിയ തട്ടിപ്പിനാണ് കളമൊരുങ്ങുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ 13000 അപേക്ഷകള്‍ വന്ന് കഴിഞ്ഞു. തങ്ങള്‍ ഇത്തരത്തില്‍ യാതൊരു അപേക്ഷയും നല്‍കിയിട്ടില്ലെന്നാണ് അപേക്ഷയില്‍ പറയുന്നവര്‍ വ്യക്തമാക്കിയിരിക്കുന്നതെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.
ഡല്‍ഹിയെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കിയതിന് പിന്നില്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരും അമിത് ഷായും ആണെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. മോഷണം, തീവെട്ടിക്കൊള്ള, ഗുണ്ടായിസം എന്നിവ പരസ്യമായി നടക്കുന്നു. അരക്ഷിതാവസ്ഥയിലാണ് ജനങ്ങള്‍ കഴിയുന്നത്. ബിജെപിക്കോ കേന്ദ്രസര്‍ക്കാരിനോ ഡല്‍ഹിയിലെ ജനങ്ങളുടെ കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.