ശ്രീനഗര്‍: 'ഞങ്ങളുടെ യഥാര്‍ഥ ഹീറോ, അവന്‍റെ ജീവത്യാഗത്തെ സല്യൂട്ട് ചെയ്യുന്നു...' ജമ്മു കശ്‌മീരിലെ അഖ്‌നൂരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച സൈനിക നായ ഫാന്‍റത്തെ കുറിച്ച് ഇന്ത്യൻ സേനയുടെ വാക്കുകളാണിത്. ഈ വാചകത്തില്‍ നിന്ന് തന്നെ വ്യക്തമാണ്, ഫാന്‍റം 09 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിലെ ധീരരായ പട്ടാളക്കാര്‍ക്ക് ആരായിരുന്നു എന്നുള്ളത്.
കഴിഞ്ഞ ദിവസമായിരുന്നു ഭീകരരെ കണ്ടെത്താനുള്ള ദൗത്യത്തിനിടെ ഫാന്‍റത്തിന് വെടിയേറ്റതും ജീവൻ നഷ്‌ടമായതും. അഖ്‌നൂര്‍ സെക്ടറില്‍ വച്ച് സൈന്യത്തിന്‍റെ ആംബുലൻസിന് കഴിഞ്ഞ ദിവസമായിരുന്നു ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. സൈനികര്‍ തിരിച്ചടിച്ചതോടെ ഭീകരര്‍ സമീപത്തെ വനമേഖലയിലേക്ക് ഓടിക്കയറി. പിന്നാലെ ഇവരെ പിടികൂടാൻ വ്യാപകമായ രീതിയില്‍ തന്നെ സേന തെരച്ചിലും ആരംഭിച്ചു.
ഒരു കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തിയതോടെ വെടിവെപ്പും ആരംഭിച്ചു. ഇതിനിടെയാണ് തെരച്ചില്‍ നടത്തിയിരുന്ന സൈന്യത്തിന് വഴികാട്ടിയായിരുന്ന ഫാന്‍റത്തിന് വെടിയേറ്റത്. പിന്നാലെ അധികം വൈകാതെ തന്നെ സൈനിക നായക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്‌തിരുന്നു.