കേരളം

kerala

ETV Bharat / bharat

'ഇനി മണ്ണ് നീക്കില്ല'; തെരച്ചില്‍ നടത്തിയ സ്ഥലത്ത് അര്‍ജുന്‍റെ ലോറി ഇല്ലെന്ന് കര്‍ണാടക റവന്യൂ മന്ത്രി - ARJUN RESCUE OPERATION UPDATE - ARJUN RESCUE OPERATION UPDATE

മണ്‍കൂനയില്‍ ലോറിയില്ലെന്നും ഇനി തെരച്ചില്‍ പുഴയിലേക്ക് വ്യാപിപ്പിക്കുമന്നും കൃഷ്‌ണബൈരഗൗഡ. നാവികസേനയുടെ പ്രതികരണത്തിന് കാക്കുന്നുവെന്നും മന്ത്രി. ഒരാളെക്കൂടി കാണാനില്ലെന്ന് പരാതി

ARJUN RESCUE OPERATIONS  KARNATAKA REVENUE MINISTER  കൃഷ്‌ണ ബൈര ഗൗഡ  കര്‍ണാടക റവന്യൂമന്ത്രി
അര്‍ജുന്‍, മണ്ണിടിച്ചിലുണ്ടായ സ്ഥലം (Etv Bharat)

By ETV Bharat Kerala Team

Published : Jul 21, 2024, 4:57 PM IST

Updated : Jul 21, 2024, 5:58 PM IST

മുഖ്യമന്ത്രി സിദ്ധരാമയ്യ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശം സന്ദര്‍ശിക്കുന്നു (ETV Bharat)

ഉത്തര കന്നഡ: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടി തെരച്ചില്‍ നടത്തിയ മണ്‍കൂനയില്‍ ലോറി ഇല്ലെന്ന് സ്ഥിരീകരിച്ച് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്‌ണ ബൈര ഗൗഡ. ഇനി മണ്ണ് നീക്കം ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

സിഗ്നല്‍ കിട്ടിയ സ്ഥലത്ത് ലോറിയില്ല. നിലവില്‍ 98 ശതമാനം മണ്ണും നീക്കിക്കഴിഞ്ഞു. കൂടുതല്‍ തെരച്ചില്‍ നടത്തേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് സൈന്യമാണ്. ഇനി അര്‍ജുനായുള്ള തെരച്ചില്‍ പുഴയിലേക്ക് വ്യാപിപ്പിക്കും. എന്നാല്‍ പുഴയിലെ തെരച്ചില്‍ അതി സങ്കീര്‍ണമായിരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

സിദ്ധരാമയ്യ അപകട സ്ഥലം സന്ദര്‍ശിക്കുന്നു (ETV Bharat)

കൂടുതല്‍ നടപടികള്‍ക്കായി നാവികസേനയുടെ പ്രതികരണത്തിന് കാക്കുകയാണ്. അതേസമയം തെരച്ചിലില്‍ യാതൊരു വിവേചനവും കാട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഏത് ഭാഗത്തുള്ളവരായാലും അവര്‍ നമ്മുടെ മനുഷ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മണ്ണിടിച്ചിലില്‍ ഒരാളെ കൂടി കാണാതായതായി പരാതി കിട്ടി. ഇതോടെ മണ്ണിടിച്ചിലില്‍ കാണാതായവരുടെ എണ്ണം നാലായി. മകനെ കാണാനില്ലെന്ന് കാട്ടി ഒരു യുവാവിന്‍റെ അമ്മയാണ് പരാതി നല്‍കിയിരിക്കുന്നത്. ഉത്തരകന്നഡ ജില്ലയിലെ ഗോകര്‍ണയ്ക്ക് സമീപമുള്ള ഗാന്‍കെകോള സ്വദേശിയായ ലോകേഷ് എന്ന യുവാവിനെയാണ് കാണാതായത്.

സിദ്ധരാമയ്യയും സൈന്യവും സ്ഥലത്ത് (ETV Bharat)

ലോകേഷിന്‍റെ അമ്മ മാദേവിയാണ് പരാതി നല്‍കിയിരിക്കുന്നത്. മകന്‍ അഞ്ച് ദിവസമായി വീട്ടിലെത്തിയിട്ടില്ലെന്നാണ് മാതാവ് പറയുന്നത്. ഗോവയില്‍ ബോട്ടുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തുന്ന ആളാണ് ലോകേഷ്. പനി മൂലം അവധിയെടുത്ത് വീട്ടിലെത്തിയതാണ്. മലയിടിഞ്ഞ് വീണ ദിവസം ലോകേഷ് ശൃംഗേരിയിലേക്ക് പോയിരുന്നു. പിന്നീട് വീട്ടില്‍ തിരികെ എത്തിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

തെരച്ചിലിനായി സൈന്യം എത്തുന്നു (ETV Bharat)

ഇതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സന്ദര്‍ശിച്ചു. മന്ത്രിമാരായ കൃഷ്‌ണ ബൈര ഗൗഡയും, മങ്കല വൈദ്യയും സതീഷ് ജരാകിഹോലിയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സ്ഥലത്ത് കനത്ത പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു. വീണ്ടും മലയിടിഞ്ഞേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പല നേതാക്കളും സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്.

Also Read: 'സേവ് അർജുൻ': അധികൃതരുടെ കണ്ണുതുറക്കാന്‍ മുട്ടിലിരുന്ന് സമരവുമായി ലോറി ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ- വീഡിയോ

Last Updated : Jul 21, 2024, 5:58 PM IST

ABOUT THE AUTHOR

...view details