ന്യൂഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വൈകിട്ട് നാല് മണിയോടെ രാജി സമര്‍പ്പിക്കുമെന്ന് സൂചന. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി കെ സക്‌സേനയുടെ വസതിയില്‍ നേരിട്ടെത്തിയാകും രാജി നല്‍കുകയെന്നും ആം ആദ്‌മി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്നു രാവിലെ 11.30നു നിയമസഭ കക്ഷി യോഗത്തിനു ശേഷമാകും അന്തിമ പ്രഖ്യാപനം.
ഭാര്യ സുനിത കെജ്‌രിവാളിന്‍റെ പേര് അരവിന്ദ് കെജ്‌രിവാള്‍ തള്ളിയെന്നാണ് സൂചന. പിൻഗാമിയായി മന്ത്രിമാരായ അതിഷി, ഗോപാൽ റായ്, കൈലാഷ് ഗലോട്ട് തുടങ്ങിയവരുടെ പേരുകളാണു സജീവം. അങ്ങനെയെങ്കില്‍ ധനം, റവന്യു, വിദ്യാഭ്യാസം, ജല വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി അതിഷിയ്ക്കാകും നറുക്ക് വീഴുക. പാര്‍ട്ടിയോഗത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ മുന്നോട്ട് വച്ച പേരും അതിഷിയുടേതാണ്.
വനിത വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാനും ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. മറ്റ് ചില മന്ത്രിമാരുടെ പേരുകളും യോഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള രണ്ട് പേരുകളും ഉയര്‍ന്നിട്ടുണ്ട്.
മദ്യനയക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും അഴിമതിയാരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണു ഭരണത്തിൽനിന്ന് ഒഴിയാനും പാർട്ടി നേതൃത്വത്തിൽ ശക്തമാകാനും കെജ്‌രിവാൾ തീരുമാനിച്ചതെന്ന് ആം ആദ്‌മി പാർട്ടി വൃത്തങ്ങൾ പറയുന്നു. മദ്യനയ അഴിമതിക്കേസിനു പുറമേ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതുമായി ബന്ധപ്പെട്ട ആരോപണവും സജീവമാണ്.
ജാമ്യ കാലയളവിൽ മുഖ്യമന്ത്രിയുടെ ഓഫിസ് സന്ദർശിക്കരുതെന്ന ഇഡിക്കേസിലെ ജാമ്യവ്യവസ്ഥ സിബിഐ കേസിൽ ജാമ്യം നൽകിയപ്പോഴും സുപ്രീം കോടതി മാറ്റിയിട്ടില്ല. മദ്യനയക്കേസിൽ മാർച്ച് 21ന് അറസ്റ്റിലായ കെജ്‌രിവാൾ ജയിലിൽ കഴിഞ്ഞ ആറു മാസവും മുഖ്യമന്ത്രി പദവിയിൽ തുടർന്നിരുന്നു.
ഫെബ്രുവരിയിലാണു സംസ്ഥാനത്തു തെരഞ്ഞെടുപ്പു നടക്കേണ്ടത്. എഎപിക്കെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ ശക്തമായ ഒരുക്കങ്ങൾ വേണമെന്നാണു പാർട്ടി വിലയിരുത്തൽ. മുഖ്യമന്ത്രിയെന്ന നിലയിൽ ഔദ്യോഗിക ഫയലുകളിൽ ഒപ്പിടുന്നതിനു തടസമില്ലെങ്കിലും കേന്ദ്രവും ലഫ്. ഗവർണറുമായി കൂടുതൽ യുദ്ധമുണ്ടാക്കി ഭരണം തടസപ്പെടുത്തേണ്ടതില്ലെന്ന ചിന്തയും രാജി തീരുമാനത്തിനു പിന്നിലുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും