ന്യൂഡല്‍ഹി: കനത്ത പുകമഞ്ഞിന്‍റെ പശ്ചാത്തലത്തില്‍ ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം 'വളരെ മോശം' നിലയിലേക്ക് താഴ്‌ന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്കനുസരിച്ച് ബുധനാഴ്‌ച രാവിലെ രേഖപ്പെടുത്തിയ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 361 ആണ്. റോഡുകളിൽ ദൂരക്കാഴ്‌ച കുറവാണെന്നും കണ്ണിൽ അസ്വസ്ഥതകളും ശ്വാസതടസവും അനുഭവപ്പെടുന്നുണ്ടെന്നും തലസ്ഥാന നിവാസികള്‍ പറയുന്നു.
"മലിനീകരണം വർധിച്ചു, താപനില കുറയുന്നതിനനുസരിച്ച് ഞങ്ങൾ വളരെയധികം പ്രശ്നങ്ങൾ അനുഭവിക്കാൻ തുടങ്ങി. റോഡിൽ ദൃശ്യപരത കുറവാണ്, മാത്രമല്ല ഞങ്ങൾക്ക് ക ശ്വാസതടസവും ചുമയും അനുഭവപ്പെടുന്നുണ്ട്"- ഡല്‍ഹി നിവാസിയായ ഉപേന്ദ്ര സിങ് പറഞ്ഞു.
മലിനീകരണം കാരണം തന്‍റെ ദിനചര്യകളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതനായി ഇന്ത്യാ ഗേറ്റിന് സമീപമുള്ള ഒരു സൈക്ലിസ്റ്റ് പ്രതികരിച്ചു. "ദിവസവും സൈക്കിൾ ചവിട്ടാൻ ഞാൻ ഇവിടെയെത്താറുണ്ട്. എന്നാലും നഗരത്തിൽ ദൃശ്യപരതയില്ലാത്തതും ഉയർന്ന മലിനീകരണവും കാരണം സൈക്കിൾ ചവിട്ടുന്നത് കുറച്ചുകാലം നിർത്തിവെക്കേണ്ടി വന്നു. ശ്വസിക്കാൻ പ്രയാസമാണ്. സർക്കാർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണം. സർക്കാരുമായി നാട്ടുകാര്‍സഹകരിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണം" അദ്ദേഹം പറഞ്ഞു.
ALSO READ: മലിനീകരണ രഹിത അന്തരീക്ഷം പൗരന്‍റെ മൗലികാവകാശം; ഒരു മതവും മലിനീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി
അതേസമയം മലിനീകരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സുപ്രീം കോടതി നിര്‍ണായക നിരീക്ഷണം നടത്തിയിരുന്നു. മലിനീകരണ രഹിത അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഓരോ പൗരന്‍റെയും മൗലികാവകാശമാണ്. മലിനീകരണമുണ്ടാക്കുന്ന ഒരു പ്രവർത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്‌തു.