ഹമീർപൂർ (ഹിമാചൽ പ്രദേശ്): ഇന്ത്യ സഖ്യത്തെ ഭരിക്കാൻ അനുവദിച്ചാൽ രാജ്യം നശിച്ച്, വിദേശ ശക്തികളുടെ കോളനിയായി മാറുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ഹമീർപൂർ പാർലമെന്‍റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് യോഗങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
'കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തെ ഭരിക്കാൻ അനുവദിച്ചാൽ രാഷ്‌ട്രം നശിപ്പിക്കപ്പെടുകയും ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും അസ്ഥിരപ്പെടുത്തുന്ന വിദേശ ശക്തികളുടെ കോളനിയായി രാജ്യം മാറുകയും ചെയ്യും'- അനുരാഗ് താക്കൂർ പറഞ്ഞു.
ബിജെപിയുമായി കൈകോർക്കാനും പാർട്ടി ബാനറിന് കീഴിൽ ഒറ്റക്കെട്ടായി തുടരാനും അതിനുവേണ്ടി ജൂൺ ഒന്നിന് വോട്ട് ചെയ്യാനും അനുരാഗ് താക്കൂർ ജനങ്ങളോട് ആഹ്വാനം ചെയ്‌തു. ന്യൂനപക്ഷ സമുദായങ്ങളെ പ്രീണിപ്പിക്കുന്ന നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അനുരാഗ് താക്കൂർ ആരോപിച്ചു. യുപിഎ സർക്കാരിന്‍റെ കാലത്ത് സ്വജനപക്ഷപാതവും ഭീകരവാദവും നിലനിന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പത്തുവർഷത്തെ ഭരണം ചരിത്രപരവും അവിസ്‌മരണീയവുമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.