അമൃത്‌സർ :ഖലിസ്ഥാന്‍ അനുകൂല നേതാവും തീവ്ര സിഖ് മതപ്രഭാഷകൻ അമൃത്‌പാല്‍ സിങിനെഅസമിലെ ദിബ്രുഗഢ് ജയിലിൽ നിന്ന് പഞ്ചാബിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മാർച്ച് നടത്താനിരിക്കെ ഞായറാഴ്‌ച അമൃത്പാൽ സിങ്ങിന്‍റെ അമ്മ അറസ്‌റ്റിൽ. 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടനയുടെ തലവനായ അമൃത്പാലിനെ കഴിഞ്ഞ വർഷം ഏപ്രിലിൽ അറസ്‌റ്റ് ചെയ്യുകയും കർശനമായ ദേശീയ സുരക്ഷ നിയമം ചുമത്തുകയും ചെയ്‌തിരുന്നു.
അദ്ദേഹവും ഒമ്പത് കൂട്ടാളികളും ഇപ്പോൾ അസമിലെ ദിബ്രുഗഢ് ജയിലിലാണ് കഴിയുന്നത്. അമൃത്പാലിന്‍റെ അമ്മ ബൽവീന്ദർ കൗറിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആലം വിജയ് സിങ് ഞായറാഴ്‌ച അറിയിച്ചു. മുൻകരുതൽ അറസ്‌റ്റാണെന്ന് പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
അമൃത്പാലിന്‍റെ അമ്മാവൻ സുഖ്‌ചെയിൻ സിങ്ങിനെയും മറ്റ് മൂന്ന് പേരെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 'ചേതന മാർച്ച്' നടത്തുന്നതിന് ഒരു ദിവസം മുമ്പാണ് ഈ അറസ്‌റ്റ്. അമൃത്പാലിനെയും മറ്റ് ഒമ്പത് പേരെയും അസമിലെ ജയിലിൽ നിന്ന് പഞ്ചാബിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഏപ്രിൽ 8 ന് ബട്ടിൻഡയിലെ തഖ്‌ത ദംദാമ സാഹിബിൽ നിന്ന് മാർച്ച് നടത്താൻ തീരുമാനിച്ചത്.