ന്യൂഡല്‍ഹി: ഗുജറാത്തില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ആവശ്യമുള്ള മുഴുവന്‍ സഹായങ്ങളും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കുമെന്നും അമിത് ഷാ ഉറപ്പ് നല്‍കി. മുഖ്യമന്ത്രിക്ക് പുറമെ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവിയുമായും അദ്ദേഹം സംസാരിച്ചു.
അതേസമയം മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്നലെ (ഓഗസ്റ്റ് 25) ചീഫ് സെക്രട്ടറി രാജ്‌കുമാറിന്‍റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേര്‍ന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കലക്‌ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളുടെ നോഡൽ ഓഫിസർമാർ, സർവേ ജില്ല കലക്‌ടർമാർ, മുനിസിപ്പൽ കമ്മിഷണർമാർ എന്നിവര്‍ ഓണ്‍ലൈനിലൂടെ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് അടുത്ത ആഴ്‌ചയോടെ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സജീകരിക്കാനും ചീഫ് സെക്രട്ടറി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.