ബെലഗാവി: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും ലൗ ജിഹാദ് ആരോപണവുമായി അമിത് ഷാ. മതപരിവർത്തനത്തിന് സമ്മതിക്കാത്തതിനാണ് വിദ്യാർഥിനിയായ നേഹ ഹിരേമത്തിനെ കൊലപ്പെടുത്തിയത് എന്നാണ് അമിത് ഷായുടെ പരാമര്‍ശം. ബെലഗാവി ജില്ലയിലെ ഹുക്കേരി പട്ടണത്തിൽ ബിജെപി സ്ഥാനാർഥി അണ്ണാ സാഹെബ് ജോലെയുടെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
'വിദ്യാർഥിനിയായ നേഹ ഹിരേമത്തിനെ കൊലപ്പെടുത്തി. ഇത് വ്യക്തിപരമായ കാര്യമാണ് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്ത് വ്യക്തിപരമായ കാര്യം? മതം മാറാൻ സമ്മതിക്കാതിരുന്നതിനാണ് പെൺകുട്ടിയെ മർദിച്ചത്. ഞാൻ ഹുബ്ബള്ളിയിലെത്തി കുട്ടിയുടെ അമ്മയെ കണ്ടിരുന്നു. മതം മാറാൻ സമ്മര്‍ദം ഉണ്ടായിരുന്നു എന്നാണ് കുടുംബം പറഞ്ഞത്. നിങ്ങൾക്ക് ഈ കേസ് ശരിയായി അന്വേഷിക്കാൻ കഴിയുന്നില്ലെങ്കിൽ കേസ് സിബിഐക്ക് കൈമാറുക.'- അമിത് ഷാ പറഞ്ഞു.
കശ്‌മീർ വിഷയത്തിൽ രാജസ്ഥാനും കർണാടകയും എന്ത് ചെയ്യണമെന്ന് മല്ലികാർജുന്‍ ഖാർഗെ പറയുന്നു. എന്നാൽ കശ്‌മീരിന് വേണ്ടി ജീവൻ ത്യജിക്കാൻ ചിക്കോടിയിലെ യുവാക്കൾ തയ്യാറാണെന്ന് 80 കാരനായ ഖാർഗെ അറിയുന്നില്ല. പിഎഫ്ഐയെ നിരോധിച്ച് കൊണ്ട് മോദി ആശങ്ക ഇല്ലാതാക്കിയെന്നും അമിത് ഷാ പറഞ്ഞു.