പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്):കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് ഒത്തുതീർപ്പിന്‍റെ അടിസ്ഥാനത്തിൽ അവസാനിപ്പിക്കാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഇരയായ കുട്ടിയുടെ മനസിൽ ആഴത്തിലുള്ളതും ശാശ്വതവുമായ മുറിവുകളുണ്ടാക്കുകയും കുട്ടികളുടെ മാനസികാരോഗ്യം, വൈകാരിക സ്ഥിരത, സാമൂഹിക ബന്ധങ്ങൾ എന്നിവയെ ബാധിക്കുകയും ചെയ്യുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളിലൊന്നാണ് അവര്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിയും ഇരയുടെ കുടുംബവും തമ്മിലുള്ള ഒത്തുതീർപ്പിനെത്തുടർന്ന് പോക്‌സോ നിയമപ്രകാരമുള്ള കേസ് റദ്ദാക്കാൻ വിസമ്മതിക്കവെയാണ് ജസ്റ്റിസ് വിനോദ് ദിവാകർ ഇക്കാര്യം പറഞ്ഞത്. സമാനമായ രണ്ട് കേസുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതിനാൽ പ്രതി നിരന്തര കുറ്റവാളിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതി രാം ബിഹാരിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വിനോദ് ദിവാകർ ഇക്കാര്യം പറഞ്ഞത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് 2021-ൽ ജലൗണിലെ താന കോട്വാലിയിൽ പോക്സോ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം രാം ബിഹാരിക്കെതിരെ കേസെടുത്തിരുന്നു. ഒത്തുതീർപ്പിന്‍റെ അടിസ്ഥാനത്തിൽ പ്രതികൾ ഹൈക്കോടതിയിൽ അപേക്ഷ നൽകുകയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.