ന്യൂഡൽഹി:ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെൻ്റിൽ ഇന്ന് (ജൂലൈ 21) സർവകക്ഷി യോഗം ചേര്‍ന്നു. പാര്‍ലമെന്‍റികാര്യ മന്ത്രി കിരൺ റിജിജുവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കൾ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, ജെപി നദ്ദ, അർജുൻ റാം മേഘ്‌വാൾ, രാംദാസ് അത്താവലെ, പ്രഫുൽ പട്ടേൽ, ചിരാഗ് പാസ്വാൻ, എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി, മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ, ജനസേനാ പാർട്ടി നേതാവ് ബാല കൃഷ്‌ണ, ബിജെഡി നേതാവ് സസ്‌മിത് പത്ര, ജെഡിയു നേതാവ് സഞ്ജയ് ഝാ തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.
പശ്ചിമ ബംഗാളിലെ 'ഷാഹിദി ദിവസ്' (രക്തസാക്ഷിത്വ ദിനം) ആചരിക്കുന്നതിനാലാണ് നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ക്ഷണപ്രകാരം സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കൊൽക്കത്തയിൽ ഷാഹിദി ദിവസ് ആചരിക്കാന്‍ എത്തിയതിനാല്‍ അദ്ദേഹത്തിനും യോഗത്തില്‍ പങ്കെടുക്കാനായില്ല.