തേസ്‌പൂർ: ചൈന മ്യാൻമര്‍ അതിർത്തിയായ അഞ്ജാവ് ജില്ലയിൽ ഇന്ത്യയുടെ ഭൂമിയിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ച് കയറുകയാണെന്ന് ഓൾ അരുണാചൽ പ്രദേശ് സ്റ്റുഡന്‍റ്സ് യൂണിയൻ (എഎപിഎസ്‌യു). ഇന്ത്യയുടെ ഭൂമിയില്‍ 60 കിലോമീറ്റർ ചുറ്റളവിൽ ചൈനീസ് സൈന്യം ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും വിദ്യാർഥി സംഘടന നടത്തിയ ഫീൽഡ് സർവേ ഉദ്ധരിച്ച് എഎപിഎസ്‌യു ചൂണ്ടിക്കാട്ടി. സർക്കാരിന് സമർപ്പിക്കാൻ എഎപിഎസ്‌യു റിപ്പോർട്ട് തയ്യാറാക്കുകയാണ്.
പ്രാദേശത്തെ കർഷകരിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിന് ശേഷം വിദ്യാർഥി സംഘടനയിൽ നിന്നുള്ള പ്രതിനിധി സംഘം അഷിലിയാങ്, കപാപ്പു, ടിന്യ, പ്ലംപ്ലം, പുലമ്മ, പ്രേഷു, ഹദേര തക്കുരു തുടങ്ങിയ പ്രദേശങ്ങളിൽ സർവേ നടത്തിയതായി ഓൾ അരുണാചൽ പ്രദേശ് സ്റ്റുഡന്‍റ്സ് യൂണിയൻ ഫിനാൻസ് സെക്രട്ടറി ബയാബാംഗ് ഹാപോ ദുയി ഇടിവി ഭാരതിനോട് പറഞ്ഞു. ഈ പ്രദേശങ്ങൾ അഞ്ജാവ് ജില്ലയിലെ ചഗലഗാം റവന്യൂ സർക്കിളിന് കീഴിലാണെന്നും ദുയി ചൂണ്ടിക്കാട്ടി.
'ഹദേര തക്കുരുവിൽ, ചൈനീസ് സൈന്യം ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യൻ അതിർത്തി ഭാഗത്തുള്ള ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വെല്ലുവിളിയാണ്. ഈ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം ഇന്ത്യൻ സൈന്യം നിയന്ത്രിക്കുന്നു. ചൈനയുടെ സാന്നിധ്യം മൂലം പ്രെഷുവിലെ പ്രാദേശിക കർഷകർ തങ്ങളുടെ ഭൂമി ഒഴിയുന്നതായി റിപ്പോർട്ടുണ്ട്. ഇതില്‍ കേന്ദ്ര സർക്കാര്‍ അടിയന്തര നടപടിയെടുക്കണം.'- ദുയി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക