ന്യൂഡൽഹി: മഹാ കുംഭമേളയുടെ ഭരണവും മാനേജ്‌മെന്‍റും ഉടൻ ഇന്ത്യൻ സൈന്യത്തിന് കൈമാറണമെന്ന ആവശ്യവുമായി പ്രതിപക്ഷം. മഹാ കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. മഹാ കുംഭമേള കൈകാര്യം ചെയ്യുന്നതിൽ ഉത്തർപ്രദേശ് സർക്കാര്‍ പരാജയപ്പെട്ടെന്ന് സമാജ്‌വാദി പാർട്ടി (എസ്‌പി) മേധാവി അഖിലേഷ് യാദവ് പറഞ്ഞു.
സമൂഹമാധ്യമമായ എക്‌സില്‍, അഖിലേഷ് യാദവ് യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. 'മഹാ കുംഭമേളയിൽ പങ്കെടുക്കുന്ന സന്യാസി സമൂഹത്തിനും ഭക്തർക്കുമിടയിൽ ഈ സംവിധാനത്തിൽ വിശ്വാസം പുനഃസ്ഥാപിക്കുന്നതിന് മഹാകുംഭത്തിന്‍റെ ഭരണവും മാനേജ്‌മെന്‍റും യുപി സർക്കാരിനും ഭരണകൂടത്തിനും പകരം സൈന്യത്തിന് കൈമാറേണ്ടത് അത്യാവശ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്‌സാപ്പിൽ ലഭിക്കാന്‍ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ
ലോകോത്തര സംവിധാനം എന്ന സര്‍ക്കാരിന്‍റെ അവകാശവാദത്തിന് പിന്നിലെ സത്യം ഇപ്പോൾ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഈ അവകാശവാദങ്ങൾ ഉന്നയിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്‌തവർ ഈ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അവരുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവയ്ക്കണം.'- അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു.
മൗനി അമാവാസി ദിവസത്തിലെ അമൃത സ്‌നാന ചടങ്ങിൽ പങ്കെടുക്കാന്‍ അനിയന്ത്രിതമായി ഭക്തര്‍ എത്തിയതോടെയാണ് അപകടമുണ്ടായത്. തിരക്ക് കൂടിയതോടെയാണ് പൊലീസ് ബാരിക്കേഡുകള്‍ തകരുകയായിരുന്നു. ഇതോടെ പലരും നിലത്ത് വീണു. അപകടത്തെ തുടര്‍ന്ന് സ്‌നാനം നിർത്തിവെച്ചു.
അപകടത്തിന് തൊട്ടുപിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായി നാല് തവണ പ്രധാനമന്ത്രി സംസാരിച്ചതായാണ് വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗി ആദിത്യനാഥുമായി സംസാരിച്ചു.
Also Read:മഹാ കുംഭമേളക്കിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് 15 മരണം, സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി