അജ്‌മീര്‍(രാജസ്ഥാന്‍):1993ലെ സ്ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതി അബ്‌ദുള്‍ കരീം തുണ്ടയെ അജ്‌മീറിലെ പ്രത്യേക ടാഡാ കോടതി കുറ്റവിമുക്തനാക്കി. അതേസമയം കേസിലെ മറ്റ് രണ്ട് പ്രതികളായ പപ്പു എന്ന ഇര്‍ഫാനെയും ഹമിറുദ്ദീനെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു(Ajmer TADA Court).
സ്ഫോടക വസ്‌തു നിയമം, ടാഡാ, ഐപിസി, റെയില്‍വേ നിയമങ്ങള്‍, ആയുധനിയമങ്ങള്‍ എന്നിവ അനുശാസിക്കുന്ന യാതൊരു നിര്‍ണായക തെളിവുകളും ഹാജരാക്കാന്‍ സിബിഐയ്ക്ക് സാധിച്ചില്ലെന്ന് തുണ്ടയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തെളിവുകളുടെ അഭാവത്തില്‍ കോടതി തുണ്ടയെ വിട്ടയക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ഷഫ്ഖാത് സുല്‍ത്താനി ചൂണ്ടിക്കാട്ടി(Abdul Karim Tunda).
തുണ്ട നിരപരാധിയാണെന്നും കോടതി ഇന്ന് അക്കാര്യം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും സുല്‍ത്താനി അവകാശപ്പെട്ടു. എല്ലാ നിയമത്തിലെയും എല്ലാ വകുപ്പുകള്‍ പ്രകാരവും ഇയാളെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. തങ്ങള്‍ തുടക്കം തൊട്ടേ തുണ്ട കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിക്കുകയാണ്. കോടതിക്കും ഇക്കാര്യം ഇപ്പോള്‍ ബോധ്യമായിരിക്കുന്നുവെന്നും സുല്‍ത്താനി പറഞ്ഞു(1993 Serial Bomb Blast Case).