കോഴിക്കോട് : പെരുമണ്ണയിൽ ആക്രിക്കടയിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പെരുമണ്ണ അങ്ങാടിക്ക് സമീപം മണക്കടവ് റോഡിലെ ആക്രിക്കടയിലാണ് തീപിടിച്ചത്.
ശബ്‌ദവും വെളിച്ചവും കണ്ട് തൊട്ടടുത്ത കച്ചവടക്കാരനാണ് തീപിടിച്ചത് ആദ്യം മനസിലാക്കിയത്. തുടർന്ന് മീഞ്ചന്ത ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. ആദ്യം ഒരു യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നും ആറ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി.
ഏറെ നേരത്തെ പരിശ്രമത്തിനുശേഷം അഞ്ച് മണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്. ആക്രിക്കടയിൽ ആക്രി സാധനങ്ങൾ ധാരാളം സ്റ്റോക്ക് ഉണ്ടായതിനാൽ തീ നിയന്ത്രിക്കുക വലിയ പ്രതിസന്ധിയായിരുന്നു. പിന്നീട് ജെസിബി സ്ഥലത്തെത്തിച്ച് സാധനങ്ങൾ നീക്കിയതോടെയാണ് തീ നിയന്ത്രിക്കാൻ ആയത്. തൊട്ടടുത്ത് മറ്റ് കടകൾ ഉണ്ടെങ്കിലും അങ്ങോട്ടേക്കൊന്നും തീ പടരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൂടാതെ പരിസരത്തെ മറ്റു കെട്ടിടങ്ങളിലേക്ക് തീ പടർന്ന് നാശനഷ്‌ടം സംഭവിക്കാതിരിക്കാൻ സാധനസാമഗ്രികൾ സന്നദ്ധ സംഘടനയായ ടിഡിആർഎഫ് വളണ്ടിയർമാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നീക്കം ചെയ്‌തു. തീപിടിത്തത്തിൽ ആക്രിക്കട പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
അതേസമയം ആക്രിക്കടക്ക് തീപിടിക്കുന്നത് കണ്ട് തൊട്ടടുത്ത കെട്ടിടത്തിൽ നിന്നും ഒരു അതിഥി തൊഴിലാളി ഭയന്ന് താഴേക്ക് ചാടി. പരിക്കേറ്റ ഇയാളെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.