പൂനെ (മഹാരാഷ്‌ട്ര) :ടേക്ക് ഓഫിന് തയാറെടുക്കവെ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ ടഗ് ട്രക്കുമായി കൂട്ടിയിടിച്ചു. പൂനെ വിമാനത്താവളത്തില്‍ ഇന്നലെ (മെയ് 16) ആണ് സംഭവം. ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ പെട്ടത്.
180 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ വിമാനം ടഗ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്‍റെ മുന്‍ ഭാഗത്തും ലാന്‍ഡിങ് ഗിയറിന് സമീപമുള്ള ടയറിനും കേടുപാടുകള്‍ സംഭവിച്ചു. യാത്രക്കാര്‍ക്ക് പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും അപകടം നടന്ന ഉടന്‍ തന്നെ യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി ബദല്‍ വിമാനത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തിയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ടഗ് ട്രക്കുമായി വിമാനം എങ്ങനെ കൂട്ടിയിടിച്ചു എന്നതടക്കം അന്വേഷിച്ച് വരികയാണ്. വിമാനം നിലത്ത് ചലിപ്പിക്കാന്‍ ഉപയോഗിച്ച ടഗ് ട്രക്ക് ടാക്‌സി ചെയ്യുന്നതിനിടെ വിമാനത്തില്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
എയര്‍പോര്‍ട്ടില്‍ ഇത്തരമൊരു അപകടം സംഭവിക്കാന്‍ കാരണമായ സുരക്ഷ വീഴ്‌ചയോ പ്രോട്ടോക്കോള്‍ വീഴ്‌ചയോ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഡിജിസിഎയുടെ അന്വേഷണത്തില്‍ അത് വ്യക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് റണ്‍വേയില്‍ നേരിട്ട തടസം ഉടന്‍ തന്നെ നീക്കി ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തില്‍ പെട്ട വിമാനം അറ്റകുറ്റപണികള്‍ക്ക് ശേഷം സര്‍വീസ് നടത്താന്‍ യോഗ്യമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Also Read: കരിപ്പൂര്‍ വിമാനാപകടം ബിഗ് സ്‌ക്രീനിലേക്ക്; 'കാലിക്കറ്റ് എയർ ക്രാഷ്' എന്ന പേരിൽ സിനിമ ഒരുങ്ങുന്നു - Calicut Air Crash Movie Update