സേലം (തമിഴ്‌നാട്) :അടുത്തിടെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും എഐഎഡിഎംകെ പരാജയപ്പെട്ടിരുന്നു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടിയ എഐഎഡിഎംകെയ്‌ക്ക് ഇത്തവണ ഒരു സീറ്റ് പോലും ലഭിച്ചില്ല. അതിനുപുറമെ എഐഎഡിഎംകെ സഖ്യം 12 മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് താഴ്‌ന്നു.
മധുര, കോയമ്പത്തൂർ, തിരുനെൽവേലി, ദക്ഷിണ ചെന്നൈ, കന്യാകുമാരി, തേനി, തൂത്തുക്കുടി, വെല്ലൂർ മണ്ഡലങ്ങളിൽ ബിജെപി സഖ്യം രണ്ടാം സ്ഥാനത്തേക്കും എഐഎഡിഎംകെ മൂന്നാം സ്ഥാനത്തേക്കുമായി മുന്നേറുകയും ചെയ്‌തു. ഇതുകൂടാതെ 7 എഐഎഡിഎംകെ സ്ഥാനാർഥികൾക്ക് കെട്ടിവച്ച തുക നഷ്‌ടമായി. എഐഎഡിഎംകെയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന കോയമ്പത്തൂരിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഈ സാഹചര്യത്തിൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ശനിയാഴ്‌ച സേലത്ത് മാധ്യമങ്ങളെ കണ്ടു. 'ബിജെപി വളർന്നു എന്ന മട്ടിലാണ് വാർത്തകൾ പുറത്തുവിടുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 2014ൽ ബിജെപി സഖ്യം 18.8% വോട്ട് നേടിയപ്പോൾ ഇത്തവണ 18.2% മാത്രം. ബിജെപി വോട്ട് ശതമാനം വർധിച്ചെന്ന വ്യാജവാർത്തയാണ് പ്രചരിക്കുന്നത്.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം എഐഎഡിഎംകെയുടെ വോട്ട് ശതമാനം വർധിച്ചതേയുള്ളൂ. എഐഎഡിഎംകെയ്ക്ക് 2019ലെ തെരഞ്ഞെടുപ്പിനേക്കാൾ 1% കൂടുതൽ വോട്ടുകൾ ഈ തെരഞ്ഞെടുപ്പിൽ ലഭിച്ചു. അത് ശ്രദ്ധേയമായ വിജയമായിരുന്നു.
കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നവരും സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നവരും മന്ത്രിമാരും ഇവിടെ ക്യാമ്പ് ചെയ്‌ത് പണത്തിന്‍റെ ശക്തി ഉപയോഗിച്ച് വോട്ടർമാരെ കണ്ടു. പ്രധാനമന്ത്രി മോദി തമിഴ്‌നാട്ടിൽ എട്ട് തവണ പ്രചാരണം നടത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിർമല സീതാരാമൻ എന്നിവരും തമിഴ്‌നാട്ടിൽ പ്രചാരണം നടത്തിയെങ്കിലും ബിജെപി വിജയിച്ചില്ല. പല പാർട്ടികളും അധികാരവും പണവും ഉപയോഗിച്ച് പ്രചാരണം നടത്തി.
നിരവധി പാർട്ടികളുടെ നേതാക്കൾ തമിഴ്‌നാട്ടിലുടനീളം പ്രചാരണം നടത്തി. എഐഎഡിഎംകെയെ സംബന്ധിച്ചിടത്തോളം ഞാൻ മാത്രമാണ് എല്ലായിടത്തും പോയി പ്രചാരണം നടത്തിയത്' -ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ എഐഎഡിഎംകെ ജയിക്കുമായിരുന്നെന്ന മുൻ മന്ത്രി എസ് പി വേലുമണിയുടെ പ്രസംഗത്തിനെതിരെ എടപ്പാടി പളനിസ്വാമി പറഞ്ഞു.
ശശികലയും ഒപിഎസും വേർപിരിഞ്ഞതുകൊണ്ടാണ് എഐഎഡിഎംകെയ്ക്ക് ഒരു ശതമാനം വോട്ട് വർധിച്ചത്. അഖിലേന്ത്യ തലത്തിൽ ബിജെപിയുടെ പരാജയത്തിന് കാരണം തമിഴ്‌നാട്ടിലേതുപോലുള്ള ബിജെപി സംസ്ഥാന നേതാക്കളാണെന്നും അതുകൊണ്ടാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടതെന്നും കെ പളനിസ്വാമി ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് വേറെ, പാർലമെന്‍റ് തെരഞ്ഞെടുപ്പ് വേറെ. തെരഞ്ഞെടുപ്പ് ജയവും തോൽവിയും തിരിച്ചടിയായി കണക്കാക്കാനാവില്ല. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : മോദിയുടെ സത്യപ്രതിജ്ഞ നാളെ; ചടങ്ങിൽ പങ്കെടുക്കാനായി ബംഗ്ലാദേശ് പ്രധാനമന്ത്രി രാജ്യതലസ്ഥാനത്തെത്തി - SHEIKH HASINA ARRIVED INDIA