കോയമ്പത്തൂര്‍ (തമിഴ്‌നാട്) :പാലക്കാടിനും കോയമ്പത്തൂരിനും ഇടയില്‍ ട്രെയിനിടിച്ച് ആനകൾ ചരിഞ്ഞ വാർത്തകൾ നിരവധിയാണ്. കേരളവുമായി അതിർത്തി പങ്കിടുന്ന കോയമ്പത്തൂര്‍ മധുക്കരൈ വനത്തില്‍ നിന്നാണ് ആനകൾ കഞ്ചിക്കോട്, വാളയാർ മേഖലകളില്‍ റെയില്‍പാളം കടക്കുന്നതും ട്രെയിനിടിച്ച് മരണം സംഭവിക്കുന്നതും. ഇതിനൊരു പരിഹാരം എന്ന നിലയില്‍ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് തമിഴ്‌നാട് വനംവകുപ്പ്.
രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം എന്നാണ് തമിഴ്‌നാട് വനംവകുപ്പ് അവകാശപ്പെടുന്നത്. ആനകൾ റെയില്‍ പാളം മുറിച്ചു കടക്കുന്ന കേരളവുമായി അതിർത്തി പങ്കിടുന്ന വനാതിര്‍ത്തിയില്‍ ട്രെയിനുകൾ വേഗം കുറച്ച് യാത്ര തുടർന്നാണ് അപകടം ഒഴിവാക്കുന്നത്. 2021 മുതൽ 2023 വരെയുള്ള 3 വർഷത്തിനിടെ കോയമ്പത്തൂർ ജില്ലയിൽ 928 ആനകൾക്കാണ് വഴിതെറ്റിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇങ്ങനെ വഴിതെറ്റുന്ന ആനക്കൂട്ടമാണ് മധുക്കരൈ വനമേഖലയിൽ ട്രെയിനിടിച്ച് അപകടത്തില്‍ പെടുന്നത്. 2008 മുതൽ 2023 വരെ 11 ആനകളാണ് ഈ മേഖലയില്‍ ട്രെയിനിടിച്ച് ചരിഞ്ഞത്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പരിപാടി ഇങ്ങനെ:മധുക്കരൈ വനമേഖലയിൽ ഏഴുകിലോമീറ്റർ ദൂരത്തിൽ എ, ബി എന്നീ രണ്ട് റെയിൽവേ ട്രാക്കുകളാണുള്ളത്. ഈ ട്രാക്കുകളിലെ 12 നിരീക്ഷണ ടവറുകളിലൂടെ ഉയർന്ന നിലവാരമുള്ള കാമറകളുടെ സഹായത്താല്‍ ട്രാക്കിനോട് ചേർന്നുള്ള പ്രദേശങ്ങളിലൂടെ പോകുന്ന ആനകളുടെ സഞ്ചാരം നിരീക്ഷിക്കും.