ശ്രീനഗര്‍: ജമ്മുകശ്‌മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് അതിന്‍റെ അവസാന പാദത്തിലേക്ക് കടക്കുകയാണ്. തെരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാവുകയാണ്. ഈ സാഹചര്യത്തിൽ ബിജെപിയുമായിച്ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ശ്രീനഗര്‍ ലോക്‌സഭ സീറ്റില്‍ നിന്നുള്ള പാര്‍ലമെന്‍റംഗവുമായ അഗ റുഹുള്ള മെഹ്‌ദി. മറിച്ച് തങ്ങളുടെ പാര്‍ട്ടിയുടെ പ്രത്യശാസ്‌ത്രത്തോട് പ്രതിബദ്ധത പുലര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്‌മീര്‍ ജനതയുടെ വികാരങ്ങള്‍ മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ മുഖ്യപ്രചാരകനായ അഗ റഹുള്ള മെഹ്‌ദി ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളിലേക്ക്....
ചോദ്യം:ജമ്മുകശ്‌മീര്‍ തെരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയായിരിക്കുന്നു. എന്താണ് ഒരു വിലയിരുത്തല്‍?.
ഉത്തരം: ആദ്യ രണ്ട് ഘട്ടങ്ങളിലും വളരെ മികച്ച പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. നാഷണല്‍ കോണ്‍ഫറന്‍സിന് പ്രകടനം മെച്ചപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. ഞങ്ങള്‍ നടത്തിയ പ്രചാരണങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്.
ചോദ്യം: നിയമസഭ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കണ്‍ഫറന്‍സിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ അത് എന്ത് സന്ദേശമാണ് കേന്ദ്രത്തിനും ലോകത്തിനും നല്‍കുക?
ഉത്തരം: ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ബിജെപി സര്‍ക്കാരിന്‍റെ 2019 ഓഗസ്റ്റ് അഞ്ചിലെ തീരുമാനത്തില്‍ ജമ്മു കശ്‌മീര്‍ ജനത സന്തുഷ്‌ടരല്ലെന്ന കൃത്യമായ സന്ദേശമാകും ഇന്ത്യയ്ക്കും ലോകത്തിനും തെരഞ്ഞെടുപ്പ് ഫലം നല്‍കുക. ബിജെപി സര്‍ക്കാര്‍ പടച്ച് വിട്ട നുണകള്‍ക്കുള്ള ഉത്തരം കൂടിയാകുമിത്.
ചോദ്യം: 2019 ഓഗസ്റ്റ് അഞ്ചിലെ തീരുമാനത്തിനെതിരെ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്ത് നടപടിയാകും കൈക്കൊള്ളുക?
ഉത്തരം:ജമ്മുകശ്‌മീരിലെ ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തതും നിയമസഭയുടെ അന്തസ് ഹനിച്ചതും ഞങ്ങളെ ചതിച്ചതും എങ്ങനെയെന്ന് ജനാധിപത്യമാര്‍ഗങ്ങളിലുടെ ലോകത്തെ ധരിപ്പിക്കും.ജനാധിപത്യപരമായ പോരാട്ടങ്ങളിലൂടെ ഞങ്ങളുടെ അവകാശങ്ങളും പ്രത്യേക പദവിയും പുനഃസ്ഥാപിച്ച് കിട്ടാന്‍ നിയമസഭ പരിശ്രമിക്കും. നിയമസഭ ഇതിന് വേദിയാകും.
ചോദ്യം:ജമ്മു കശ്‌മീര്‍ പുനഃസംഘടന ചട്ടപ്രകാരം പാര്‍ലമെന്‍റ് കൈക്കൊണ്ട നിയമത്തിനെതിരെ പൊരുതാന്‍ നിയമസഭാംഗങ്ങളെ എങ്ങനെ പ്രാപ്‌തരാക്കും?
ഉത്തരം: ജനാധിപത്യ അവകാശങ്ങളും അധികാരങ്ങളും ആവശ്യപ്പെടാനുള്ള ജനാധിപത്യ ഇടമാണ് തെരഞ്ഞെടുക്കപ്പെട്ട നിയമസഭ. സംസ്ഥാന പദവി പുനഃസ്ഥാപിച്ച് കിട്ടാന്‍ നിയമസഭയ്ക്ക് സുപ്രീം കോടതിയെ സമീപിക്കാനാകും. ജമ്മുകശ്‌മീര്‍ ജനതയുമായി ചര്‍ച്ച ചെയ്‌താണോ 2019 ഓഗസ്റ്റ് അഞ്ചിലെ തീരുമാനം ഉണ്ടായതെന്നതാണ് ഏറ്റവും വലിയ ചോദ്യം. ഇതിനുള്ള മറുപടി നിയമസഭയില്‍ നല്‍കുന്നതാകും ഉചിതം. ഇതിന് തെരുവില്‍ പ്രതികരിക്കാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അനുമതി കിട്ടിയില്ല. ഞങ്ങള്‍ ആക്രമണങ്ങള്‍ക്ക് എതിരായത് കൊണ്ട് തന്നെ അത്തരമൊരു നീക്കം ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. ഞങ്ങളില്‍ നിന്ന് കവര്‍ന്നെടുത്ത ജനാധിപത്യ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ക്ക് നിയമസഭയില്‍ തുടക്കമിടും.