ന്യൂഡൽഹി:കൈക്കൂലി കേസിൽ യുഎസ് പ്രോസിക്യൂട്ടർമാർ സമർപ്പിച്ച കുറ്റപത്രത്തിൽ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ഗൗതം അദാനിയും ബന്ധു സാഗർ അദാനിയും പ്രതികളല്ലെന്ന് മുൻ അറ്റോർണി ജനറല്‍ മുകുൾ റോഹത്ഗി. യുഎസ് ഫോറിൻ കറപ്റ്റ് പ്രാക്‌ടീസ് ആക്‌ട് (എഫ്‌സിപിഎ) ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മുതിർന്ന സുപ്രീം കോടതി അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹത്ഗിയുടെ പ്രതികരണം.
2020-2024 കാലയളവിൽ സൗരോർജ്ജ കരാറുകൾ നേടുന്നതിനായി ഇന്ത്യയിലെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് 2,029 കോടി രൂപ കൈക്കൂലി നൽകി എന്നതാണ് കേസ്. എന്നാല്‍ കൈക്കൂലി നൽകിയ രീതിയെക്കുറിച്ച് പരാമർശിക്കുന്നില്ലെന്നും ആർക്കാണ് കൈക്കൂലി നൽകിയത്, ഏത് രീതിയിൽ, ഏത് വകുപ്പിൽ പെട്ടവര്‍ക്കാണ് തുടങ്ങിയ വിവരങ്ങള്‍ക്കൊന്നും വ്യക്തതയില്ല. ഇത്തരത്തിലുള്ള കുറ്റപത്രം വിശ്വസനീയമല്ലെന്നും മുകുൾ റോഹത്ഗി പ്രതികരിച്ചു.
കേസ് അടിസ്ഥാന രഹിതം:അദാനി ഗ്രൂപ്പിലെ മേലധികാരികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ നീതിന്യായ വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ച വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഒരു അഭിഭാഷകനാണ്, നിരവധി കേസുകളിൽ അദാനി ഗ്രൂപ്പിന് വേണ്ടി ഹാജരായിട്ടുണ്ട്. ഞാൻ എൻ്റെ വ്യക്തിപരമായ കാഴ്‌ചപ്പാടുകളാണ് പ്രകടിപ്പിക്കുന്നത്, അദാനി ഗ്രൂപ്പിൻ്റെ വക്താവ് എന്ന നിലയിലല്ല പ്രതികരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.