മംഗളൂരു :പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന വലിയ നടൻ നമ്മുടെ രാജ്യത്തിന്‍റെ നേതാവാണ്. 2019ൽ അദ്ദേഹം ഒരു ഗുഹയിൽ പ്രവേശിച്ചു. ഇപ്പോൾ അദ്ദേഹം ഒരു ക്യാമറയും പിടിച്ച് വെളളത്തിലിറങ്ങി. അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹം ചന്ദ്രനിൽ നിൽക്കുമെന്നും പ്രകാശ് രാജ് വിമർശിച്ചു.
ചൊവ്വാഴ്‌ച മംഗളൂരു തൊക്കോട്ടു യൂണിറ്റി മൈതാനിയിൽ, ഡിവൈഎഫ്ഐ 12-ാം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സ്വാതന്ത്ര്യത്തിനായി നിരാഹാരമിരിക്കുന്ന നേതാക്കളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ക്ഷേത്ര ഉദ്ഘാടനത്തിന് ഉപവസിക്കുന്ന നേതാവാണുളളത്. ദിവസവും അഞ്ച് തവണ അദ്ദേഹം വേഷം മാറ്റുന്നു. അദ്ദേഹം ഉച്ചഭാഷിണിയാണ്. വന്ദേ ഭാരതിന് അദ്ദേഹം പതാക കാണിച്ചുകൊടുത്തത് പോലെ ഒരു സ്‌റ്റേഷൻ മാസ്‌റ്ററും കൊടി കാണിച്ചിട്ടില്ലെന്നും പ്രകാശ് രാജ് പരിഹസിച്ചു.
കലാകാരൻ സമൂഹത്തിന്‍റെ പ്രതിനിധി: ഒരു കലാകാരൻ എന്ന നിലയിൽ സംസാരിക്കേണ്ടത് എന്‍റെ ഉത്തരവാദിത്തമാണ്. കലാകാരനെന്ന നിലയിൽ സമൂഹത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാവുമ്പോൾ ഞാൻ വന്ന് നിൽക്കേണ്ടതുണ്ട്. അയാള്‍ സമൂഹത്തിൻ്റെ പ്രതിനിധിയാണ്. മിണ്ടാതിരുന്നാലും നമ്മുടെ ശരീരത്തിലെ മുറിവുകൾ ഭേദമാകും.