ബെംഗളൂരു : സർക്കാർ ജോലി ലഭിക്കാൻ വ്യാജ രേഖ ചമച്ച കേസിൽ 48 പേരെ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. ജലവിഭവ വകുപ്പിലെ രണ്ടാം ഗ്രേഡ് അസിസ്‌റ്റൻ്റ് തസ്‌തികയിലേക്ക് അനധികൃതമായി നിയമനം നേടാൻ ശ്രമിച്ചവരാണ് പിടിയിലായത്. 37 ഉദ്യോഗാർഥികളെയും 11 ഇടനിലക്കാരെയും അറസ്‌റ്റ് ചെയ്‌തതായി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ സ്‌ക്വാഡ് അറിയിച്ചു.
ഇവരിൽ മൂന്ന് പേർ നിലവിൽ സർക്കാർ ജീവനക്കാരാണ്. ആനന്ദ്, കൃഷ്‌ണ, പ്രദീപ് എന്നിവരാണ് അറസ്‌റ്റിലായ സർക്കാർ ജീവനക്കാർ. ഇതിൽ ആനന്ദ് കലബുർഗിയിലെ മൊറാർജി ദേശായി സ്‌കൂൾ പ്രിൻസിപ്പലായിരുന്നു. കൃഷ്‌ണ കർണാടക പവർ ട്രാൻസ്‌മിഷൻ കോർപ്പറേഷൻ്റെ (കെപിടിസിഎൽ) ജോഗ് ഫാൾസ് ഓഫിസിൽ എഫ്‌ഡിഎ ആയും പ്രദീപ് ഹാസനിലെ ജലവിഭവ വകുപ്പിൻ്റെ എഫ്‌ഡിഐ ആയും ജോലി ചെയ്‌ത് വരികയാണ്. അറസ്‌റ്റിലായ പ്രതികളിൽ നിന്നും 17 മൊബൈൽ ഫോണുകൾ, 40 ലക്ഷം വിലവരുന്ന രണ്ട് കാറുകൾ, ഒരു കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു.
ജലവിഭവ വകുപ്പിലെ സെക്കൻഡ് ഗ്രേഡ് അസിസ്‌റ്റൻ്റ് ബാക്ക്‌ലോഗ് തസ്‌തികയിലേക്ക് 2022 ഒക്ടോബറിൽ നേരിട്ടുള്ള റിക്രൂട്ട്മെന്‍റിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചിരുന്നു. 182 ഒഴിവുകളിലേക്കായിരുന്നു അപേക്ഷകൾ ക്ഷണിച്ചിരുന്നത്. ഈ തസ്‌തികയിലേക്ക് അപേക്ഷിച്ച 62 ഉദ്യോഗാർഥികളുടെ മാർക്ക് ഷീറ്റും മറ്റ് രേഖകളും വ്യാജമാണെന്ന് പിന്നീടുള്ള വെരിഫിക്കേഷനിൽ കണ്ടെത്തുകയായിരുന്നു.
ഇതിനെ തുടർന്ന് വകുപ്പ് ഉദ്യോഗസ്ഥർ ശേഷാദ്രിപൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. അവിടെ നിന്നും കേസ് സെൻട്രൽ ക്രൈം ബ്രാഞ്ചിന് കൈമാറി. തുടർന്ന് സിസിബി ഇൻസ്‌പെക്‌ടർ ശ്രീനിവാസിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ 62 പേരിലെ 37 പേരെ അറസ്‌റ്റ് ചെയ്‌തു. വ്യാജരേഖ ചമച്ചവരിൽ കൂടുതലും എസ്എസ്എൽസിയും പിയുസി ഫെലയിൽ നിന്നുള്ളവരുമാണ്. ലക്ഷക്കണക്കിന് രൂപ നൽകിയാണ് ഇവർ ഉയർന്ന മാർക്കുകളുള്ള സര്‍ട്ടിഫിക്കറ്റുകൾ നേടിയിരിക്കുന്നത്. 25 ഉദ്യോഗാർഥികളെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ല. ഇവർക്കായി ഊർജിതമായ തെരച്ചിൽ നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read:ഇടുക്കി പൊലീസ് സഹകരണ സംഘത്തിൽ തട്ടിപ്പ്; വ്യാജ ഒപ്പിട്ട് 20 ലക്ഷം വായ്‌പയെടുത്തെന്ന് പരാതി