ചണ്ഡീഗഡ്:ഹരിയാനയിലെ 90 നിയമസഭ സീറ്റുകളിലും പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ (AAP will contest all assembly seats in Haryana on its own). ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ ബ്ലോക്കിൻ്റെ ഭാഗമായിട്ടായിരിക്കും ആം ആദ്‌മി പാർട്ടി മത്സരിക്കുക എന്നും അദ്ദേഹം പറഞ്ഞു (AAP will contest in Lok Sabha polls polls as part of INDIA bloc). ജിന്ദിൽ വച്ച് ഞായറാഴ്‌ച നടന്ന ആം ആദ്‌മി പാർട്ടിയുടെ 'ബദ്‌ലാവ് ജനസഭ'യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ അറസ്റ്റ് ചെയ്യാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അവരുടെ എല്ലാ ശക്തിയും ഉപയോഗിച്ചെന്നും അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു. എന്നാൽ ജയിലിൽ പോകാൻ തനിക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. ആദായ നികുതി വകുപ്പിനെയും സിബിഐയെയും ഇഡിയെയും ഡൽഹി പൊലീസിനെയും കേന്ദ്രം എനിക്ക് പിന്നിൽ വിട്ടെന്നും അദ്ദേഹം പറഞ്ഞു.
താൻ ഹരിയാനയുടെ മകനാണെന്നും ഹരിയാനക്കാരനെ ഭയപ്പെടുത്താൻ ആകില്ലെന്നും കെജ്‌രിവാൾ പറഞ്ഞു. ഏപ്രിൽ-മെയ് മാസങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം, ഈ വർഷം അവസാനമായി നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. അതേസമയം ജനങ്ങൾക്ക് നിലവിൽ ആം ആദ്‌മ പാർട്ടിയിൽ മാത്രമെ വിശ്വാസമുള്ളു എന്നും കെജ്‌രിവാൾ അവകാശപ്പെട്ടു.
"ഇന്ന് ജനങ്ങൾക്ക് ഒരു പാർട്ടിയിൽ മാത്രമേ വിശ്വാസമുള്ളൂ, അത് ആം ആദ്‌മി പാർട്ടിയാണ്. ഒരു വശത്ത് പഞ്ചാബും മറുവശത്ത് ഡൽഹിയിലെ നമ്മുടെ സർക്കാരിനെയുമാണ് അവർ കാണുന്നത്. ഇതുവരെയുള്ള ഭരണം മടുത്ത ഹരിയാനയിലെ ജനം വലിയ മാറ്റത്തിനാണ് ഇന്ന് കാത്തിരിക്കുന്നത്.
ഡൽഹിയിലും പഞ്ചാബിലും ജനങ്ങൾ ഈ വലിയ മാറ്റം നേരത്തെ വരുത്തിയിരുന്നു, ഇപ്പോൾ അവിടെയുള്ള ആളുകൾ സന്തുഷ്‌ടരാണ്"- കെജ്‌രിവാൾ പറഞ്ഞു. ഇതുവരെ ഭരണം കയ്യാളിയ പാർട്ടികൾ അവരുടെ സ്വന്തം ഖജനാവ് നിറയ്‌ക്കുക മാത്രമാണ് ചെയ്‌തതെന്നും എഎപി ദേശീയ കൺവീനർ ആരോപിച്ചു.
ഡൽഹിയിലെയും പഞ്ചാബിലെയും പോലെ ജനങ്ങൾക്ക് 24 മണിക്കൂറും വൈദ്യുതി വിതരണവും മറ്റ് സൗകര്യങ്ങളും നൽകാൻ എഎപിക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം അവകാശപ്പെട്ടു. ഹരിയാനയിൽ നിലവിൽ ബിജെപി-ജെജെപി സഖ്യമാണ് അധികാരത്തിലുള്ളത്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിൻ്റെ നേതൃത്വത്തിലുള്ളതാണ് ഹരിയാന സർക്കാർ. എന്നാൽ കോൺഗ്രസിനും ബിജെപിക്കും ജെജെപിക്കും സംസ്ഥാനത്ത് വികസനം കൊണ്ടുവരാൻ സാധിക്കില്ലെന്ന് ആംആദ്‌മി നേതാവ് കുറ്റപ്പെടുത്തി.
"ഞാൻ ഭഗവാൻ ശ്രീരാമൻ്റെയും ഹനുമാൻ്റെയും അനുയായിയാണ്. രാമരാജ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡൽഹിയിലും പഞ്ചാബിലും ഞങ്ങൾ ഭരണം നടത്തുന്നത്. അധികാരത്തിന് വേണ്ടിയല്ല, സേവിക്കാനാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്"- 'ബദ്‌ലാവ് ജനസഭ'യിൽ കെജ്‌രിവാൾ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചടങ്ങിൽ സന്നിഹിതനായിരുന്നു.