ന്യൂഡൽഹി :ബിജെപി ഒരു യൂസ് ആൻഡ് ത്രോ പാർട്ടിയാണെന്ന് ആം ആദ്‌മി പാർട്ടി നേതാവും രാജ്യ സഭ എംപിയുമായ സഞ്ജയ് സിങ്. ബിജെപിയിലേക്ക് പോയ അഞ്ച് എഎപി കൗൺസിലർമാരെയും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന് ശേഷം അവര്‍ ഒഴിവാക്കും. എഎപി വിടുന്ന ഏതൊരു നേതാവും രാഷ്‌ട്രീയമായി നശിച്ചുവെന്നും സഞ്ജയ് സിങ് പറഞ്ഞു.
ആം ആദ്‌മി പാർട്ടിയുടെ കണക്കുകൂട്ടല്‍ ചിലപ്പോഴൊക്കെ തെറ്റിപ്പോയെന്ന് തോന്നുമെങ്കിലും ആത്യന്തികമായി എല്ലാം പദ്ധതികള്‍ അനുസരിച്ച് നടക്കുമെന്നും ഇത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ വ്യക്തമാകുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തിൽ പറഞ്ഞു.
'കൂടെ ചേരുന്ന രാഷ്‌ട്രീ യ നേതാക്കളെ ഉപയോഗിച്ചതിന് ശേഷം തള്ളിക്കളയുന്ന "യൂസ് ആൻഡ് ത്രോ" പാർട്ടിയാണ് ബിജെപി. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന് ശേഷം ഈ അഞ്ച് കൗൺസിലർമാരും മാറ്റിനിർത്തപ്പെടും. എഎപിയിൽ നിന്ന് പുറത്തുപോകുന്നവർ രാഷ്‌ട്രീയമായി തകരുമെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. പാർട്ടി വിടുന്നവർ ഒരിക്കലും എംപിയോ എംഎൽഎയോ കൗൺസിലറോ ആകില്ല എന്നത് സർവശക്തന്‍റെ അനുഗ്രഹമാണ്.'- സഞ്ജയ് സിങ് പറഞ്ഞു.