ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ ഡല്‍ഹിയില്‍ പ്രതിഷേധവുമായി എഎപി പ്രവര്‍ത്തകര്‍ രംഗത്ത്. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകരെ പട്ടേല്‍ ചൗക്കില്‍ പൊലീസ് തടഞ്ഞു. കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയ്‌ക്ക് വേണ്ടി എഎപി തെരുവിലിറങ്ങിയപ്പോള്‍ തത്‌സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി. ഇതോടെ തലസ്ഥാന നഗരി പ്രതിഷേധ നഗരിയായി.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ രാജി ആവശ്യപ്പെട്ട ബിജെപി പ്രതിഷേധ മാര്‍ച്ചും നടത്തി. വീരേന്ദ്ര സച്ച്‌ദേവയുടെ നേതൃത്വത്തിലാണ് ബിജെപി പ്രതിഷേധവുമായെത്തിയത്. ബിജെപി പ്രതിഷേധം കടുപ്പിച്ചതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധത്തിനിടെ നിരവധി എഎപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുതിർന്ന എഎപി നേതാവ് സോമനാഥ് ഭാരതി, ഡൽഹി നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ രാഖി ബിർള, പഞ്ചാബ് മന്ത്രി ഹർജോത് സിങ് ബെയിൻസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 'പൊലീസ് സംഘത്തെ ഉപയോഗിച്ചുള്ള ഇത്തരം നടപടികള്‍ കാരണം തങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന്' പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രതിഷേധിക്കാനെത്തിയ വനിത പ്രവര്‍ത്തകരെ വരെ പൊലീസ് വലിച്ചിഴച്ചുവെന്നും എഎപി നേതാക്കള്‍ ആരോപിച്ചു.
ദേശീയ തലസ്ഥാനത്തെ ഒരു കോട്ടയാക്കി മാറ്റിയിരിക്കുകയാണ് ഡല്‍ഹി പൊലീസെന്ന് എഎപി ഡല്‍ഹി യൂണിറ്റ് കണ്‍വീനര്‍ ഗോപാല്‍ റായ് പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നഗരത്തിലുടനീളം നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയാണ്. ഡല്‍ഹി ഒരു പൊലീസ് ആസ്ഥാനമായി മാറിയെന്നും ഗോപാല്‍ റായ് കുറ്റപ്പെടുത്തി.