പലരും ഒരു ഡിഗ്രി തന്നെ എങ്ങനെയെങ്കിലും പാസായിക്കിട്ടണമെന്ന് ചിന്തിക്കുന്ന കാലത്ത് 80-ാം വയസിൽ 20 ബിരുദാനന്തര ബുരുദം പൂർത്തിയാക്കിയ ഒരാളുണ്ട്. തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ നിന്നുള്ള ഡോ.അങ്കത്തി വീരസ്വാമിയാണ് നിരവധി ബിരുദങ്ങളും ബിരുദാനന്തര ബിരുദവും നേടിയ ആ വ്യക്തി. വീരസ്വാമി ഇതുവരെ നേടിയത് വിവിധ സർവകലാശാലയിൽ നിന്നായി 20 പിജിയാണ്.
ഒസ്‌മാനിയ സർവകലാശാലയിൽ നിന്ന് 3, കാകതിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 7, ഇന്ദിരാഗാന്ധി സർവകലാശാലയിൽ നിന്ന് 4, പോട്ടി ശ്രീരാമുലു തെലുങ്ക് സർവകലാശാലയിൽ നിന്ന് 3, കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ മറ്റ് സർവകലാശാലകളിൽ നിന്ന് 3 പിജികൾ എന്നിങ്ങനെ. പഠനം ഇവിടെയും നിർത്തിയില്ല. പഠനം നിർത്താൻ മനസില്ലാതെ ആജീവനാന്ത വിദ്യാർഥിയായി അദ്ദേഹം ഇപ്പോഴും പഠിക്കുന്നു.
1962-ൽ എച്ച്എസ്‌സി പാസായ വീരസ്വാമി അധ്യാപക പരിശീലനം പൂർത്തിയാക്കിയ ശേഷം 1968ൽ വാറങ്കലിലെ എയ്‌ഡഡ് സ്‌കൂളിൽ അധ്യാപകനായി ചേർന്നു. 1973ൽ വിദൂര വിദ്യാഭ്യാസത്തിലൂടെ ബിഎ പൂർത്തിയാക്കി. 1978-ൽ ബിഎഡ് പൂർത്തിയാക്കി.
പുസ്‌തകങ്ങളും മറ്റും നല്ലതുപോലെ വായിക്കുന്ന ഒരു വ്യക്തികൂടിയായിരുന്നു വീരസ്വാമി. 1981ല്‍ ഹിമാചലില്‍ ആയിരുന്നു അദ്ദേഹം എംഎഡ് ചെയ്‌തത്. ഈ സമയത്ത് അവിടെ വച്ച് മൂന്ന് പിജികള്‍ പൂര്‍ത്തിയാക്കിയ ഒരു പ്രൊഫസറെ അദ്ദേഹം കണ്ടു. അതായിരുന്നു വീരസ്വാമിയുടെ പ്രചോദനം. തുടര്‍ന്ന് അദ്ദേഹവും വിദൂരവിദ്യാഭ്യാസത്തിലൂടെ വിവിധ പിജികള്‍ സ്വന്തമാക്കി തുടങ്ങി.
ഒസ്‌മാനിയ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ്, മദ്രാസ് സർവകലാശാലയിൽ നിന്ന് മനഃശാസ്‌ത്രം, എംസിജെ, ശ്രീരാമുലു സർവകലാശാലയിൽ നിന്ന് ജ്യോതിഷത്തിൽ എംഎ തുടങ്ങി നിരവധി പിജികൾ അദ്ദേഹം ചെയ്‌തിട്ടുണ്ട്. എല്ലാ പിജികളും ചെയ്യുക എന്നതാണ് തന്‍റെ ആഗ്രഹമെന്നാണ് അദ്ദേഹം പറയുന്നത്. അധ്യാപനത്തില്‍ നിന്നും 2002ല്‍ വിരമിച്ചതിന് പിന്നാലെ വാറങ്കലിലെ സ്തംഭംപള്ളിയില്‍ സ്വന്തം പേരില്‍ ഒരു സ്‌കൂളും അദ്ദേഹം സ്ഥാപിക്കയുണ്ടായി. മക്കളും തന്‍റെ ശിഷ്യന്മാരും പിജി ബിരുദധാരികള്‍ ആകുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല.
ഈ പ്രായത്തിലും സ്ഥിരമായി യോഗ ചെയ്യുന്ന വീരസ്വാമി വളരെ ഉത്സാഹത്തോടെയാണ് പഠനത്തിനിരിക്കുന്നത്. എയ്‌ഡ്‌സ് ബോധവത്‌കരണം, യോഗ, റേഡിയോ, ടിവി എന്നിവയിലെ മറ്റ് നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നു. വീരസ്വാമിക്ക് ന്യൂയോർക്കിലെ ഒരു സർവകലാശാല ഓണററി ഡോക്‌ടറേറ്റ് നൽകി ആദരിച്ചു. എന്നും രാത്രി 7.30 മുതൽ 10.30 വരെ പുസ്‌തകങ്ങൾ വായിച്ചാൽ മനസ് സജീവമാകുമെന്ന് അദ്ദേഹം പറയുന്നു. അടുത്തിടെ, ഇഗ്നോയില്‍ എംഎ നരവംശശാസ്‌ത്രയില്‍ എഴുതിയ പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.
Also Read :സിയാല്‍ അക്കാദമിയുടെ ഏവിയേഷന്‍ കോഴ്‌സുകള്‍ക്ക് കുസാറ്റ് അംഗീകാരം - CIASL courses recognized by CUSAT