80കാരന്‍ വിത്തലിന് മനംപോലെ മംഗല്യം (Source : Etv Bharat) മഹാരാഷ്‌ട്ര : ഭാര്യയുടെ മരണ ശേഷം പിതാവ് അനുഭവിക്കുന്ന ഏകാന്തത പരിഹരിക്കാന്‍ 80-ാം വയസില്‍ പിതാവിനെ വിവാഹം കഴിപ്പിച്ച് മക്കള്‍. അമ്രാവതി ജില്ലയിലെ അഞ്ജൻഗാവ് സുർജി താലൂക്കിലെ ചിഞ്ചോളി റഹിമാപൂരിലാണ് ആഘോഷമായി കല്ല്യാണം നടന്നത്.
ചിഞ്ചോളി നിവാസിയായ 80 കാരന്‍ വിത്തൽ ഖണ്ഡാരെയുടെ ഭാര്യ മൂന്ന് വർഷം മുമ്പാണ് മരിച്ചത്. വിത്തൽ ഖണ്ഡാരെയ്ക്ക് നാല് മക്കളാണുള്ളത്.
ഭാര്യയുടെ അഭാവം വിത്തലില്‍ കനത്ത ഏകാന്തതയാണ് വന്നുപെട്ടത്. തുടര്‍ന്ന് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് മക്കളെ അറിയിച്ചു. ആദ്യം മക്കള്‍ എതിര്‍ത്തെങ്കിലും വിത്തൽറാവു ഖണ്ഡാരെയുടെ നിർബന്ധത്തില്‍ മക്കളും വഴങ്ങി. അങ്ങനെ വിത്തലിന്‍റെ മക്കൾ അച്ഛന് വേണ്ടി ഭാര്യയെ അന്വേഷിക്കാൻ ആരംഭിച്ചു. പ്രായമായിരുന്നു മുന്നിലെ വെല്ലുവിളി. ഏറെ തെരച്ചിലുകള്‍ക്കൊടുവില്‍ അകോല ജില്ലയിലെ അകോട്ടിൽ നിന്നുള്ള 66 വയസുകാരിയെ പിതാവിനായി മക്കള്‍ കണ്ടെത്തി.
മെയ് 8 ന് ചിഞ്ചോളി റഹിമാപൂർ ഗ്രാമത്തിലാണ് വിത്തൽ ഖണ്ഡാരെയുടെ വിവാഹ ചടങ്ങ് ആഘോഷമായി നടന്നത്. പിതാവിന്‍റെ വിവാഹാഘോഷത്തില്‍ മക്കളും മതിമറന്ന് ആനന്ദിച്ചു. മക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബം ഏറെ സന്തോഷത്തോടെയാണ് പിതാവിന്‍റെ നവവധുവിനെ വരവേറ്റത്.
Also Read :കൊടും വരൾച്ചയില്‍ വലഞ്ഞു; മഴയ്‌ക്കായി കഴുതകളുടെ വിവാഹം നടത്തിക്കൊടുത്ത് അന്നൂര്‍ ഗ്രാമം - Donkey Marriage For Rain