ന്യൂഡൽഹി:സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകൾക്ക് കേരളത്തിൽ നിന്നും 5 പേരും സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡലുകൾക്ക് 15 പേരും അർഹരായി. രാജ്യത്താകെ വിവിധ വിഭാഗങ്ങളിലായി 1037 പേർക്കാണ് മെഡൽ സമ്മാനിക്കുക. അർഹരായവർക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മെഡൽ സമ്മാനിക്കും.
പൊലീസ് സർവീസ്, ഫയർ സർവീസ്, ജയിൽ വകുപ്പ് എന്നീ വിഭാഗങ്ങളിലാണ് കേരളത്തിന് മെഡൽ നേട്ടം. വിശിഷ്ട സേവനത്തിനുള്ള മെഡലുകൾക്ക് കേരളത്തിൽ നിന്ന് പൊലീസ് സർവീസിൽ ഒരാളും, ഫയർ സർവീസിൽ മൂന്ന് പേരും, ജയിൽ വകുപ്പിൽ നിന്ന് ഒരാളുമാണ് അർഹത നേടിയത്. പൊലീസ് സർവീസിൽ നിന്നും എഡിജിപി എച്ച്ആർഐ വെങ്കടേഷ് ഹത്തേ ബെൽഗൽ, ഫയർ സർവീസിൽ നിന്നും സ്റ്റേഷൻ ഓഫിസർമാരായ ബിജു വി കെ, ഷാജി കുമാർ ടി, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ ദിനേശൻ സി വി, ജയിൽ വകുപ്പിൽ നിന്നും ജയിൽ സൂപ്രണ്ട് വിജയൻ പി എന്നിവർക്കാണ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ ലഭിച്ചത്.