തിരുവനന്തപുരം: പത്ത് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ തിരുവനന്തപുരം കണ്ണൂർ ജനശതാബ്‌ദിയിൽ യാത്രക്കാർക്ക് എൽഎച്ച്ബി കോച്ചുകളിൽ യാത്ര ചെയ്യാം. സെപ്റ്റംബർ 29 ഓടെ തിരുവനന്തപുരം സെൻട്രൽ കണ്ണൂർ ജനശതാബ്‌ദിയിലും 30 മുതൽ കണ്ണൂർ തിരുവനന്തപുരം സെൻട്രൽ ജനശതാബ്‌ദിയിലും എൽഎച്ച്ബി കോച്ചുകളാക്കുമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ റെയിൽവേ അറിയിച്ചിരുന്നു. യാത്രക്കാർക്ക് സുഖമായും സുരക്ഷിതമായും യാത്ര ചെയ്യാൻ കഴിയുന്ന എൽഎച്ച്ബി കോച്ചുകളെക്കുറിച്ച് കൂടുതൽ അറിയാം.
എന്താണ് എൽഎച്ച്ബി കോച്ചുകൾ?
ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന സ്‌റ്റെയിന്‍ലസ് സ്‌റ്റീല്‍ കോച്ചുകളാണ് എൽഎച്ച്ബി കോച്ച് എന്നറിയപ്പെടുന്ന ലിങ്ക് ഹോഫ്‌മാൻ ബുഷ് കോച്ച്. പാസഞ്ചർ ട്രെയിനുകൾക്കുള്ള പ്രത്യേക ആധുനിക ട്രെയിൻ കോച്ചാണിവ. 2000 ലാണ് ഇന്ത്യൻ റെയിൽവേ ആദ്യമായി ഈ കോച്ചുകൾ പരീക്ഷിക്കുന്നത്. തുടക്കത്തിൽ ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്‌തിരുന്ന ഈ കോച്ചുകൾ പിന്നീട് ഇന്ത്യയിൽ തന്നെ നിർമിക്കാൻ തുടങ്ങി. 5 അടി 6 ബ്രോഡ് ഗേജിലും 3 അടി 6 നാരോ ഗേജിലും നിർമിച്ച ട്രാക്കുകളിലാണ് എൽഎച്ച്ബി കോച്ചുകൾ ഉപയോഗിക്കാനാകുക.
സുരക്ഷയും സൗകര്യവും
എൽഎച്ച്ബി കോച്ചുകളിലെ യാത്ര സാധാരണ ഐസിഎഫ് കോച്ചുകളെക്കാള്‍ സുരക്ഷിതമാണ്. ട്രാക്കിൽ ഇടിച്ചാൽ പോലും മറിയാത്ത തരത്തിലാണ് എൽഎച്ച്ബി കോച്ചുകൾ രൂപകൽപന ചെയ്‌തിരിക്കുന്നത്. ആൻ്റി-ക്ലൈംബിംഗ് ഫീച്ചർ ഉള്ളതിനാൽ അപകടസമയത്ത് കോച്ചുകൾ ഇടിച്ച് കയറുന്നത് തടയാൻ സാധിക്കും. എല്ലാ എൽഎച്ച്ബി കോച്ചുകളിലും 'നൂതന ന്യൂമാറ്റിക് ഡിസ്‌ക് ബ്രേക്ക് സിസ്‌റ്റം' ഉണ്ട്. അതുകൊണ്ട് തന്നെ അതിവേഗത്തിൽ ട്രെയിൻ ഓടുമ്പോൾ പോലും കാര്യക്ഷമമായി ബ്രേക്ക് ചവിട്ടാൻ സാധിക്കും. മെച്ചപ്പെട്ട സസ്പെൻഷൻ സംവിധാനം ഉള്ളതിനാൽ സന്ധി വേദനയോ മറ്റു അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങളെയോ ഭയക്കാതെ യാത്ര ചെയ്യാം. ലൈറ്റിംഗ് ഉൾപ്പെടെയുള്ള മികച്ച ഇന്‍റീരിയർ ഡിസൈനിങ്ങും എൽഎച്ച്ബി കോച്ചുകളുടെ പ്രധാന ആകർഷണമാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വേഗതയും സ്ഥിരതയും
ഐസിഎഫ് കോച്ചുകളെ അപേക്ഷിച്ച് ഉയർന്ന വേഗതയിൽ പ്രവർത്തിക്കാവുന്ന തരത്തിലാണ് എൽഎച്ച്ബി കോച്ചുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മണിക്കൂറിൽ 160 കിലോമീറ്ററാണ് ഇവയുടെ സ്വാഭാവിക വേഗത. എന്നാൽ ആവശ്യമെങ്കിൽ ഇത് 200 കിലോമീറ്ററായി ഉയർത്താം. ഉയർന്ന വേഗതയിലും സ്ഥിരത നിലനിർത്താൻ ഇവയുടെ എയറോഡൈനാമിക് ഡിസൈൻ സഹായിക്കുന്നു.
എൽഎച്ച്ബി കോച്ചുകളുടെ തരങ്ങൾ
ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന നിരവധി തരം എൽഎച്ച്ബി കോച്ചുകൾ ഉണ്ട്. നിലവിൽ 15 വ്യത്യസ്‌ത തരം എൽഎച്ച്ബി കോച്ചുകളാണ് ഉപയോഗിക്കുന്നത്. ഈ കോച്ചുകൾ 1എ, 2എ, 3എ, എക്‌സിക്യൂട്ടീവ് ക്ലാസ്, സ്ലീപ്പർ, ചെയർ കാർ എന്നിങ്ങനെ വ്യത്യസ്‌ത ക്ലാസുകൾക്ക് അനുയോജ്യമാണ്. എൽഎച്ച്ബിയുടെ ക്ലാസും തരവും അനുസരിച്ച്, സീറ്റിംഗ് കപ്പാസിറ്റി വ്യത്യാസപ്പെടുന്നു. 24 സീറ്റുകൾ മാത്രമുള്ള എൽഎച്ച്ബി കോച്ചുകൾ തൊട്ട് 102 യാത്രക്കാരെ ഉൾക്കൊള്ളിക്കാവുന്ന കോച്ചുകൾ വരെയുണ്ട്.
ലക്ഷ്വറി കോച്ചുകൾ
'അനുഭൂതി' എന്നാണ് എൽഎച്ച്ബി ലക്ഷ്വറി കോച്ചുകൾ അറിയപ്പെടുന്നത്. 2017ൽ മുംബൈ സെൻട്രൽ-അഹമ്മദാബാദ് ശതാബ്‌ദി എക്‌സ്പ്രസിലാണ് ഈ ലക്ഷ്വറി എൽഎച്ച്ബി കോച്ച് ആദ്യമായി ആരംഭിച്ചത്. ഈ കോച്ചിന് 56 സീറ്റിംഗ് കപ്പാസിറ്റി ഉണ്ട്. ഓട്ടോമാറ്റിക് വാതിലുകളും മനോഹരമായ ഇൻ്റീരിയർ ഡിസൈനും ലൈറ്റിംഗും 'അനുഭൂതി' എൽഎച്ച്ബി ലക്ഷ്വറി കോച്ചുകളുടെ പ്രത്യേകതയാണ്.