ന്യൂഡൽഹി: ഇന്ത്യയില്‍ നിന്ന് പഠനത്തിനും ജോലിക്കും മറ്റുമായി വിദേശ രാജ്യങ്ങളിലേക്ക്, വിശേഷിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം കൂടിവരികയാണ്. വിദേശത്തേക്ക് കടക്കാനുള്ള പ്രധാന കടമ്പയാണ് ഇംഗ്ലീഷ് ഭാഷാ പരീക്ഷ. ഇംഗ്ലീഷിലുള്ള പ്രാവീണ്യം തെളിയിച്ചാലാണ് ഈ കടമ്പ കടക്കാനാവുക. ഇന്ത്യയില്‍ ഇത്തരത്തില്‍ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നവരിൽ 62 ശതമാനത്തിലധികം പേരും തങ്ങളുടെ ഇന്ത്യൻ ഉച്ചാരണം (ആക്‌സെന്‍റ്) വാചാ പരീക്ഷാ ഫലങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നതായാണ് പഠനം.
പഠനം, ജോലി, മൈഗ്രേഷൻ വിസകൾക്കായുള്ള ഇംഗ്ലീഷ് പരീക്ഷ എഴുതുന്നവരില്‍ പിയേഴ്‌സൺ ടെസ്‌റ്റ് ഓഫ് ഇംഗ്ലീഷ് ഫോര്‍ സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. ജോലി, പഠനം അല്ലെങ്കിൽ കുടിയേറ്റ ആവശ്യങ്ങൾക്കായി ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ എഴുതിയതോ എഴുതാന്‍ പദ്ധതിയിടുന്നതോ ആയ 1,000 പേരിലാണ് സർവേ നടത്തിയത്. പ്രതികരിച്ചവരിൽ 96 ശതമാനം പേരും ഇംഗ്ലീഷ് ഭാഷാ പരീക്ഷയുടെ ഭാഗമായി ഭാഷാ ടെസ്‌റ്റ് എഴുതിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സർവേ പ്രകാരം, ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഇന്ത്യൻ ഉച്ചാരണങ്ങൾ ഒഴിവാക്കുന്നത് പരീക്ഷാ സ്കോറുകളെ പോസിറ്റീവായി ബാധിക്കുമെന്ന് പരീക്ഷ എഴുതുന്ന അഞ്ചിൽ മൂന്ന് പേരും (63 ശതമാനം) വിശ്വസിക്കുന്നു. 74 ശതമാനത്തിലധികം പേരും തങ്ങളുടെ രൂപം പരീക്ഷാ സ്കോറിനെ ബാധിക്കുമെന്ന് കരുതുന്നതായും പിയേഴ്‌സൺ സർവേ പറയുന്നു.
പ്രതികരിച്ചവരിൽ 59 ശതമാനം പേരും അവരുടെ നിറത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍ത്തിരിക്കുമെന്ന് വിശ്വസിക്കുന്നതായി സർവേ പറയുന്നു. വസ്‌ത്രധാരണം അടിസ്ഥാനപ്പെടുത്തി തെറ്റായ ധാരണ സൃഷ്‌ടിക്കാൻ കഴിയുമെന്ന് ഏകദേശം 64 ശതമാനം പേരും വിശ്വസിക്കുന്നു. മഹാരാഷ്‌ട്രയില്‍ പരീക്ഷ എഴുതുന്നവരിൽ ഈ ധാരണകൾ ശക്തമാണെന്നും സര്‍വേ പറയുന്നു. അവിടെ 67 ശതമാനം പേരും ഈ വിശ്വാസം പുലർത്തുന്നു എന്നാണ് കണക്ക്.
ജോലിയുടെ സ്വഭാവവും വിദ്യാഭ്യാസ പശ്ചാത്തലവും തങ്ങളോടുള്ള പെരുമാറ്റ രീതിയെ സ്വാധീനിക്കുമെന്ന് നല്ലൊരു ശതമാനവും വിശ്വസിക്കുന്നതായി സര്‍വേ പറയുന്നു. പ്രതികരിച്ചവരിൽ പത്തിൽ ഏഴ് പേരും, പ്രത്യേകിച്ച് മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലുള്ളവർ അഭിമാനകരമായ ജോലിയോ ഉയര്‍ന്ന വിദ്യാഭ്യാസ പശ്ചാത്തലമോ ഉണ്ടെങ്കിൽ തങ്ങൾക്ക് കൂടുതൽ ബഹുമാനം ലഭിക്കുമെന്ന് വിശ്വസിക്കുന്നു.