ജയ്‌പൂർ: ജുവനൈൽ ഹോമില്‍ നിന്ന് 23 അന്തേവാസികൾ രക്ഷപ്പെട്ടു. ജനൽ തകർത്താണ് അന്തേവാസികൾ രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജുവനൈൽ ഹോമിലെ കെയർ ടേക്കർമാരെയും ഗാർഡുകളെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
പ്രായപൂർത്തിയാകാത്തവരെ ഷെൽട്ടർ ഹോമിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചതിന് രണ്ട് കെയർ ടേക്കർമാരെയും രണ്ട് ഗാർഡുകളെയും അറസ്റ്റ് ചെയ്‌തതായി ട്രാൻസ്‌പോർട്ട് നഗർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സുൽഫിക്കർ പറഞ്ഞു. ഇന്ദ്രമാൽ, ദീപക് മൽഹോത്ര, മാൻ സിംഗ്, ലദുലാൽ എന്നിവരാണ് അറസ്റ്റിലായ കെയർടേക്കർമാരും ഗാർഡുകളും.
സംഭവത്തിൽ രണ്ട് ഗാർഡുകളുടെയും രണ്ട് കെയർടേക്കർമാരുടെയും പങ്കുണ്ടെന്ന് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വെളിപ്പെടുത്തി. നാല് പേരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അന്തേവാസികളില്‍ ഒരാളെയും അറസ്റ്റ് ചെയ്‌തിട്ടുള്ളതായി സുൽഫിക്കർ പറഞ്ഞു.
ജുവനൈൽ ഹോം അഡ്‌മിനിസ്‌ട്രേഷന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ, ട്രാൻസ്‌പോർട്ട് നഗർ പൊലീസ് സ്‌റ്റേഷനിൽ സർക്കാർ സ്വത്തുക്കൾക്ക് നാശം വരുത്തിയതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം എല്ലാ പ്രായപൂർത്തിയാകാത്തവർക്കുമെതിരെ കേസെടുത്തു. ഒളിവിൽ കഴിയുന്ന പ്രതികൾ ബലാത്സംഗം, മോഷണം, കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.